thrissur local

ജനപ്രതിനിധികളുടെ പരിശീലനത്തിന് കിലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു

മുളംകുന്നത്തുകാവ്: തദ്ദേശഭരണതെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കേ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്കു പരിശീലനം നല്‍കുന്നതിനുള്ള മുന്നൊരുക്കം കിലയില്‍ പൂര്‍ത്തിയായിവരുന്നു. ജനപ്രതിനിധികള്‍ക്കു പരിശീലനം നല്‍കാനുള്ള പരിശീലകരുടെ പരിശീലനത്തിനു ഇന്നു കിലയില്‍ തുടക്കം കുറിച്ചു.
കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍നിന്നുള്ള കില എക്‌സ്‌ററഷന്‍ ഫാക്കല്‍റ്റികളാണ് രണ്ടുദിവസത്തെ പരിശീലകരുടെ പരിശീലനത്തില്‍ പങ്കെടുക്കുന്നത്. കില ഡയറക്ടര്‍ ഡോ.പി പി ബാലന്‍ ഉദ്ഘാടനം ചെയ്തു. കില പ്രഫ.ഡോ.സണ്ണി ജോര്‍ജ്, അസോ.പ്രഫ. ഡോ.പീററര്‍ എം രാജ്, സംസ്ഥാന ഗ്രാമവികസന ഇന്‍സ്റ്റിറ്റിയൂട്ട് സെക്രട്ടറി ശശിധരന്‍ പിള്ള, കോര്‍ഡിനേറ്റര്‍ കെ ഗോപാലകൃഷ്ണന്‍, ട്രെയിനിംഗ് അസോസിയേറ്റ് പ്രതാപ്‌സിംഗ് എന്നിവര്‍ സംസാരിച്ചു. പൊതുഭരണം, പ്രാദേശികഭരണം, ഗ്രാമസഭ-വാര്‍ഡുസഭ, സദ്ഭരണം, ടോട്ടല്‍ ക്വാളിറ്റി മാനേജ്‌മെന്റ്, സ്ഥാപനമാനേജ്‌മെന്റ് എന്നീ മേഖലകളുമായി ബന്ധപ്പെട്ട ആറു കൈപ്പുസ്തകങ്ങള്‍ പരിശീലനത്തിനുവേണ്ടി കില തയ്യാറാക്കി കഴിഞ്ഞു. കൈപ്പുസ്തകങ്ങളുടെ പരിചയപ്പെടുത്തല്‍, പ്രാദേശികഭരണം, ഗ്രാമസഭ, വിവരാവകാശം എന്നിവയെസംബന്ധിച്ചുളള വീഡിയോപ്രദര്‍ശനം എന്നിവയുമുണ്ടായി.
ത്രിതല പഞ്ചായത്തുകളിലെ അദ്ധ്യക്ഷന്മാര്‍ക്കു ഡിസംബര്‍ 4,5,6 തീയതികളിലായി ആദ്യപരിശീലനം നല്‍കും. 7 മുതല്‍ 12 വരെ ബ്ലോക്ക് തലത്തില്‍ എല്ലാ ജനപ്രതിനിധികള്‍ക്കും പ്രാഥമിക പരിശീലനം നല്‍കും. കിലയിലും വിവിധ ജില്ലാകേന്ദ്രങ്ങളിലുമായിട്ടാണ് പരിശീലനം സംഘടിപ്പിക്കുക. ഡിസംബര്‍ 15 നകം ഒന്നാംഘട്ട പരിശീലനം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.ശേഷിച്ച ഏഴുജില്ലകളിലെ പരിശീലകരുടെ പരിശീലനം 29 നു തുടങ്ങും.
Next Story

RELATED STORIES

Share it