Most commented

ഛത്തീസ്ഗഡില്‍ അതിക്രമം തുടരുന്നു; ഒരു മാധ്യമപ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

ഛത്തീസ്ഗഡില്‍   അതിക്രമം   തുടരുന്നു;   ഒരു മാധ്യമപ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍
X
Adivasi-Women-
ന്യൂഡല്‍ഹി: ആദിവാസികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കുമെതിരേ പോലിസ് അതിക്രമം തുടരുന്ന ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ കൂടി അറസ്റ്റിലായി. ഹിന്ദി ദിനപത്രമായ പത്രികയുടെ റിപോര്‍ട്ടര്‍ പ്രഭാത്‌സിങാണ് തിങ്കളാഴ്ച വൈകീട്ട് അറസ്റ്റിലായത്. മഫ്തിയിലെത്തിയ പോലിസുകാര്‍ സിങിനെ ദണ്ടെവാഡയിലെ ഓഫിസില്‍ കടന്ന് പിടികൂടുകയായിരുന്നു. ബസ്തര്‍ മേഖലയിലെ വിവാദ പോലിസ് ഉദ്യോഗസ്ഥനെ വിമര്‍ശിച്ച് സിങ് വാട്‌സ്ആപ്പിലൂടെ അസഭ്യ സന്ദേശം കൈമാറിയെന്നാരോപിച്ച് ഐടി ആക്ടിലെ വകുപ്പുകളടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സിങിനെ പോലിസ് കസ്റ്റഡിയില്‍ മര്‍ദ്ദിച്ചെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ ആരോപിച്ചു. പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ സിങിനെ 31 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.പ്രദേശത്തെ പ്രശസ്ത സന്നദ്ധപ്രവര്‍ത്തക സോണി സോറിക്കും കുടുംബത്തിനുമെതിരായ അതിക്രമങ്ങളെക്കുറിച്ചും പ്രദേശത്തു നടന്ന വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ചും സിങ് റിപോര്‍ട്ടു ചെയ്യാറുണ്ടായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. പ്രദേശത്തെ മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ സന്തോഷ് തിവാരിയുടെ പരാതിയിലാണ് പ്രഭാത്‌സിങിനെതിരായ നടപടി.  ഈ മാസമാദ്യം തന്നെ വാട്‌സ്ആപ്പിലൂടെ തന്നെ അധിക്ഷേപിക്കുന്നുവെന്നാരോപിച്ച് പ്രഭാത്‌സിങ് തിവാരിക്കും ഏകതാ മഞ്ചിലെ ചിലര്‍ക്കുമെതിരേ പോലിസില്‍ പരാതി നല്‍കിയിരുന്നു. പത്രിക ദിനപത്രത്തിനു പുറമെ ഒരു ടെലിവിഷന്‍ ചാനലിനു വേണ്ടിയും സിങ് പ്രവര്‍ത്തിച്ചിരുന്നു. സിങിനെ അറസ്റ്റ് ചെയ്യുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് ചാനല്‍ സിങുമായുള്ള തങ്ങളുടെ കരാര്‍ റദ്ദാക്കിയിരുന്നു. എന്നാല്‍, ഇപ്പോഴത്തെ സംഭവങ്ങളുമായി തങ്ങളുടെ പിരിച്ചുവിടലിനു ബന്ധമില്ലെന്നാണ് സിങ് പ്രവര്‍ത്തിച്ച ടിവിയുടെ നിലപാട്. ബസ്തറില്‍ നേരത്തെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പോലിസിന്റെയും പോലിസിനെ പിന്തുണയ്ക്കുന്നവരുടെയും നടപടികളുണ്ടായിട്ടുണ്ട്. രണ്ട് മാധ്യമപ്രവര്‍ത്തകരെ നക്‌സലുകളെ സഹായിച്ചുവെന്ന കുറ്റംചുമത്തി ജയിലിലടച്ചിരിക്കുകയാണ്. സാമാജിക് ഏകതാ മഞ്ചിന്റെ ഭീഷണിയെത്തുടര്‍ന്ന് മറ്റൊരു മാധ്യമപ്രവര്‍ത്തക ആഴ്ചകള്‍ക്കു മുമ്പ് പ്രദേശം വിട്ടു.  സിങിന്റെ അറസ്റ്റിനെതിരേ പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തുവന്നിട്ടിണ്ട്. സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകരെ നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുകയാണെന്നും വിഷയം താന്‍ നിയമസഭയില്‍ ഉന്നയിച്ചെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപേഷ് ബഗല്‍ പറഞ്ഞു. പ്രഭാത്‌സിങിനെ എത്രയും വേഗം വിട്ടയക്കണമെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള മാധ്യമപ്രവര്‍ത്തക സംരക്ഷണ കമ്മിറ്റിയും ഛത്തീസ്ഗഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it