Second edit

ചിന്താബന്ധനം

ശ്രീരാമനെക്കുറിച്ചു പറയാന്‍ താനാര് എന്നാണ് എം എം ബഷീറിനോട് ചിലര്‍ ചോദിച്ചത്. അവര്‍ രാമസേവകരും ഹനുമാന്‍ ഭക്തരുമാണെന്നാണ് സ്വയം വിശേഷിപ്പിച്ചത്. ഫോണില്‍ ഭീഷണിയും വിരട്ടലും കഠിനമായപ്പോള്‍ ഒരു മലയാള പത്രത്തിനു വേണ്ടി രാമായണമാസക്കാലത്ത് എഴുതിയ രാമകഥാഖ്യാനം പാതിവഴിയില്‍ നിര്‍ത്തേണ്ടിവന്നു മലയാളത്തിലെ പ്രമുഖനായ എഴുത്തുകാരന് എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപോര്‍ട്ട് ചെയ്യുന്നു.

രാമനെക്കുറിച്ചു മാത്രമല്ല, കബീറിനെക്കുറിച്ചും യേശുവിനെക്കുറിച്ചും മുഹമ്മദിനെക്കുറിച്ചും മറ്റെല്ലാ മഹദ്‌വ്യക്തിത്വങ്ങളെക്കുറിച്ചും പറയാനും എഴുതാനും പ്രചരിപ്പിക്കാനും വിമര്‍ശിക്കാനും ഒക്കെ പണ്ഡിതന്മാര്‍ക്കും പാമരന്മാര്‍ക്കും സ്വാതന്ത്ര്യമുണ്ടായിരിക്കുന്ന അവസ്ഥയെയാണ് ജനാധിപത്യ സംസ്‌കാരം എന്നു വിശേഷിപ്പിക്കുന്നത്.

ചിന്തയും പഠനവും വിമര്‍ശനവും സമൂഹവളര്‍ച്ചയുടെ രാസത്വരകമാണ്.എന്നാല്‍, ചിന്തയെ നിരോധിക്കുക എന്നാണ് പുതിയ തിട്ടൂരം. ചിന്തയും വിമര്‍ശനവും ആരെയെങ്കിലും അലോസരപ്പെടുത്തുന്നുണ്ടെങ്കില്‍ ആശയദാരിദ്ര്യവും ചിന്താദാരിദ്ര്യവുമാണ് അവരുടെ പ്രശ്‌നമെന്നു തീര്‍ച്ച. പക്ഷേ, അത്തരക്കാരാണ് ഇന്നു സമൂഹത്തില്‍ ശക്തിപ്രാപിച്ചുവരുന്നത്.

മഹാരാഷ്ട്രയിലും കര്‍ണാടകയിലും അത്തരക്കാര്‍ ചിന്താശീലരായ മനുഷ്യരെ സഹിക്കാനാവാതെ വെടിയുണ്ട കൊണ്ട് അവരുടെ ശബ്ദം ഇല്ലാതാക്കാന്‍ ശ്രമം നടത്തി. കേരളം താരതമ്യേന അതില്‍ നിന്നു മുക്തമായിരുന്നു. എന്നാല്‍, കേരളവും ദേശീയധാരയുടെ ഭാഗം തന്നെയെന്നു ബഷീറിന്റെ അനുഭവം വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it