kasaragod local

ചന്ദ്രശേഖരന്റെ മന്ത്രിസ്ഥാനം; ജില്ല ആഹ്ലാദത്തില്‍

കാസര്‍കോട്: അവികസിത മേഖലയായ കാസര്‍കോട് ജില്ലയ്ക്ക് മന്ത്രിസ്ഥാനം ലഭിക്കുന്നത് നീണ്ട 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം. 2001ല്‍ തദ്ദേശസ്വയംഭരണ മന്ത്രിയായി ചെര്‍ക്കളം അബ്ദുല്ല ഉണ്ടായിരുന്നുവെങ്കിലും 2003ല്‍ ഇദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്നും പാര്‍ട്ടി ഒഴിവാക്കി.
1982ല്‍ മഞ്ചേശ്വരത്ത് നിന്ന് വിജയിച്ച ഡോ. എ സുബ്ബറാവു നായനാര്‍ മന്ത്രിസഭയില്‍ ജലസേചന മന്ത്രിയായിരുന്നു. 1995ല്‍ സി ടി അഹമ്മദലി, കെ കരുണാകരന്‍, ആന്റണി മന്ത്രിസഭകളില്‍ തദ്ദേശസ്വയംഭരണ-പൊതുമരാമത്ത് മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു. നേരത്തെ പിഎസ്പി നേതാവ് എന്‍ കെ ബാലകൃഷ്ണന്‍ ആരോഗ്യമന്ത്രിയായിരുന്നു.
ജില്ല രണ്ട് മുഖ്യമന്ത്രിമാരേയും സംസ്ഥാനത്തിന് സംഭാവന ചെയ്തിരുന്നു. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് നീലേശ്വരം ദ്വയാംഗ മണ്ഡലത്തില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. 1982ല്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ഇ കെ നായനാരും മുഖ്യമന്ത്രിയായി.
ഈ തിരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നിന്ന് സിപിഐ ടിക്കറ്റില്‍ വിജയിച്ച ഇ ചന്ദ്രശേഖരന്റെ മന്ത്രിപദം ജില്ല ആഹ്ലാദത്തോടെയാണ് സ്വീകരിക്കുന്നത്. ജില്ലയുടെ സമഗ്രമായ വികസനത്തിന് എല്‍ഡിഎഫ് സര്‍ക്കാരില്‍ മന്ത്രിയാകുന്ന ചന്ദ്രശേഖരന് കഴിയുമെന്നാണ് ജനങ്ങള്‍ വിശ്വസിക്കുന്നത്.
കഴിഞ്ഞ മന്ത്രിസഭയില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള കെ പി മോഹനനും 2006ലെ മന്ത്രിസഭയില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള സിപിഎമ്മിലെ പി കെ ശ്രീമതിക്കുമായിരുന്നു ജില്ലയുടെ ചുമതലയുണ്ടായിരുന്നത്. കെ പി മോഹനന്‍ എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ വല്ലപ്പോഴും സംബന്ധിക്കാന്‍ എത്തുന്നത് മാത്രമായിരുന്നു ജില്ലയിലെ സന്ദര്‍ശനം.
ഇതുമൂലം ജനങ്ങളുടെ നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. പൊതുജന ആവശ്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന ഇ ചന്ദ്രശേഖരന്‍ മന്ത്രിയാവുന്നതോടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയിലടക്കം വന്‍ മാറ്റം വരുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.
കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെയാണ് ഇപ്രാവശ്യം ഇ ചന്ദ്രശേഖരന്‍ വിജയിച്ചത്. കാസര്‍കോട്ടുകാരുടെ ചന്ദ്രേട്ടന്‍ ഇനി സംസ്ഥാന മന്ത്രിയാവുന്നതോടെ ജില്ലയുടെ വികസന കുതിപ്പിന് ആക്കംകൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it