Districts

ചന്ദ്രബോസ് വധക്കേസ്; നിസാം കാറിടിച്ച് കൊല്ലാന്‍ ശ്രമിക്കുന്നതു കണ്ടെന്ന് അജീഷ്

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ രണ്ടാംസാക്ഷിയും ശോഭാ സിറ്റിയിലെ ഡ്രൈവറുമായ അജീഷിന്റെ വിസ്താരം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങി. പ്രതി മുഹമ്മദ് നിസാം ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിക്കുന്നതു കണ്ടതായി അജീഷ് കോടതിയില്‍ ബോധിപ്പിച്ചു.
ജനുവരി 29നു പുലര്‍ച്ചെ ചന്ദ്രബോസിനെ നിസാം ആക്രമിച്ചതു മുതല്‍ ഉണ്ടായ സംഭവങ്ങളും അനുബന്ധ സംഭവങ്ങളും അജീഷ് വിവരിച്ചു. പ്രതിയെ തിരിച്ചറിയാമെന്നും പറഞ്ഞു. വിസ്താരത്തിനിടെ പ്രോസിക്യൂഷന്‍ തെളിവുകളായ ചന്ദ്രബോസിനെ അടിക്കാനുപയോഗിച്ച വടിക്കഷണങ്ങള്‍, ചന്ദ്രബോസിന്റെ ഷൂസുകള്‍, കണ്ണട, മൊബൈല്‍ ഫോണ്‍, അതിന്റെ കവര്‍ എന്നിവ തിരിച്ചറിഞ്ഞു. നിസാം ചന്ദ്രബോസിനെ ഇടിച്ചുതെറിപ്പിച്ച ഹമ്മര്‍ കാറും തിരിച്ചറിഞ്ഞു. പ്രതിഭാഗത്തിന്റെ ക്രോസ്‌വിസ്താരത്തിലും പ്രോസിക്യൂഷനു അനുകൂലമായാണ് അജീഷ് മൊഴി നല്‍കിയത്. പോലിസിലും മജിസ്‌ട്രേറ്റിനു മുന്നിലും നല്‍കിയ മൊഴികളില്‍ ഉറച്ചുനിന്നു.
പ്രോസിക്യൂഷന്റെ വിസ്താരത്തില്‍ കൃത്യം നടന്ന ദിവസം കണ്ടതെല്ലാം ഒന്നുപോലും വിടാതെ അജീഷ് വിവരിച്ചു. നിസാം എന്നെയും ചന്ദ്രബോസേട്ടനെയും തല്ലുന്നുവെന്നും ഓടിവായോയെന്നും ഒന്നാംസാക്ഷി ഫോണിലൂടെ അറിയിച്ചതിനെ തുടര്‍ന്നാണ് താന്‍ സംഭവസ്ഥലത്തെത്തിയത്. അപ്പോള്‍ സെക്യൂരിറ്റി കാബിന്റെ ജനല്‍ അടിച്ചുപൊളിക്കാന്‍ നിസാം ശ്രമിക്കുന്നതും കണ്ടു. പൊട്ടിയ ജനലിലൂടെ നിസാം നുഴഞ്ഞു കടന്ന് അകത്തുണ്ടായിരുന്ന ചന്ദ്രബോസിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് പുറത്തു വന്ന നിസാം ഹമ്മര്‍ കാറെടുത്തു വന്ന് ചന്ദ്രബോസിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബോസേട്ടനെ രക്ഷപ്പെടുത്താ ന്‍ വേണ്ടി താന്‍ ആംബുലന്‍സ് എടുക്കാന്‍ ഔട്ടര്‍ഗേറ്റിലൂടെ പോവുന്നതിനിടയില്‍ അവിടെ വെളുത്ത ജാഗ്വര്‍ കാര്‍ നിന്നിരുന്നു. അതില്‍നിന്ന് നിസാമിന്റെ ഭാര്യയായ അമല്‍ ഇറങ്ങി ഹമ്മറിനടുത്തെത്തി എന്തോ സംസാരിച്ചു. ബോസേട്ടന്‍ ഫൗണ്ടനരികില്‍ ഉണ്ടാവുമെന്നു കരുതി അവിടേക്കു പോയി. ബോസേട്ടനെ നിസാം കാറില്‍ കയറ്റിക്കൊണ്ടുപോയതായി അവിടെയുണ്ടായിരുന്ന അനൂപ് പറഞ്ഞു. പിന്നീട് പാര്‍ക്കിങ് ഏരിയയില്‍ വച്ചാണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ബോസേട്ടനെ കാണുന്നതെന്നും അജീഷ് പറഞ്ഞു.
താന്‍ കണ്ടതും സത്യവുമായ കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളതെന്നും ആരുടെയും നിര്‍ബന്ധമോ പ്രേരണയോ ഇല്ലായിരുന്നുവെന്നും അജീഷ് പറഞ്ഞു. അജീഷിന്റെ ക്രോസ് വിസ്താരം ഇന്നും തുടരും.
Next Story

RELATED STORIES

Share it