Districts

ചന്ദ്രബോസ് വധക്കേസ്: അമലിന്റെ വിസ്താരം ഇന്നത്തേക്ക് മാറ്റി

തൃശൂര്‍/കൊച്ചി: ചന്ദ്രബോസ് വധക്കേസിലെ 11ാം സാക്ഷിയും പ്രതി മുഹമ്മദ് നിസാമിന്റെ ഭാര്യയുമായ അമലിന്റെ വിസ്താരം ഇന്നലെ നടന്നില്ല. ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ അമല്‍ എത്തിയെങ്കിലും അവരുടെ അഭിഭാഷകന്റെ അപേക്ഷയെത്തുടര്‍ന്ന് വിസ്താരം ഇന്നത്തേക്കു മാറ്റുകയായിരുന്നു.

മൊഴി പറയാന്‍ പറ്റാത്തവിധം സാക്ഷി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നും വിസ്താരം മാറ്റണമെന്നുമായിരുന്നു അമലിന്റെ അഭിഭാഷകന്‍ അഡ്വ. കെ ഡി ബാബുവിന്റെ അപേക്ഷ. എന്നാല്‍, പ്രോസിക്യൂഷന്‍ എതിര്‍ത്തതോടെ അല്‍പസമയത്തിനുശേഷം ഹാജരാക്കാമെന്ന് അഡ്വ. ബാബു കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് കോടതി 11.45 വരെ നിര്‍ത്തിവച്ചു. കോടതി പുനരാരംഭിച്ചപ്പോഴും അമലിന്റെ ദയനീയാവസ്ഥ വിവരിച്ചു വിസ്താരം നീട്ടണമെന്ന് അഡ്വ. ബാബു കോടതിയോട് അപേക്ഷിച്ചു. പ്രോസിക്യൂഷനും സമ്മതിച്ചതോടെ ജഡ്ജി കെ പി സുധീര്‍ വിസ്താരം ഇന്നത്തേക്കു മാറ്റുകയായിരുന്നു.
അതേസമയം, ചന്ദ്രബോസ് വധക്കേസിലെ ഒന്നാംസാക്ഷി അനൂപിനെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി നിസാമിന്റെ സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചു. തൃശൂര്‍ വെസ്റ്റ് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കേസിലെ പ്രതി അബ്ദുല്‍ റസാഖ് ഹൈക്കോടതിയെ സമീപിച്ചത്. അഡീ. സെഷന്‍സ് കോടതിയില്‍ അനൂപ് ആദ്യമൊഴി തിരുത്തിയിരുന്നു. പിന്നീട് ക്രോസ്‌വിസ്താരത്തിനിടെ ആദ്യമൊഴിയില്‍ തന്നെ ഉറച്ചുനിന്നു. നിസാമിന്റെ സഹോദരന്‍ മൊഴിമാറ്റാനായി ഭീഷണിപ്പെടുത്തിയതിനാലാണ് ആദ്യമൊഴി മാറ്റിയതെന്നു ക്രോസ്‌വിസ്താരത്തിനിടെ വ്യക്തമാക്കുകയും ചെയ്തു. തുടര്‍ന്നാണ് കോടതി നിര്‍ദേശപ്രകാരം വെസ്റ്റ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ നടപടി നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജി.
Next Story

RELATED STORIES

Share it