ചന്ദ്രബോസിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കി ഉത്തരവ്

തിരുവനന്തപുരം/കൊച്ചി: കൊല്ലപ്പെട്ട സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ ഭാര്യ ജമന്തി ചന്ദ്രബോസിനെ പൊതുമേഖലാ സ്ഥാപനമായ ഔഷധിയില്‍ എല്‍ഡി ടൈപിസ്റ്റ് തസ്തികയില്‍ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി.
നിയമന ഉത്തരവ് ഉടന്‍ കൈമാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇന്ന് മുതല്‍ ഏത് ദിവസവും അവര്‍ക്ക് ഔഷധിയില്‍ ജോലിയില്‍ പ്രവേശിക്കാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിഷ്ഠൂരമായ കൊലപാതകമാണ് നടന്നത്. പ്രോസിക്യൂഷന്‍ അതീവ ഗൗരവത്തോടെയാണ് കേസ് നടത്തിയത്. സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ഇടപെടലാണ് പ്രോസിക്യൂഷന് ആത്മവിശ്വാസം നല്‍കിയത്. ജീവിക്കാന്‍ വേണ്ടി കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് ശിക്ഷ വാങ്ങി നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
ചന്ദ്രബോസിന്റെ മരണശേഷം ജമന്തിക്ക് ജോലി നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം നടപ്പിലാക്കാത്തതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ജയന്തിയെ ജോലിയിലെടുക്കാന്‍ ഉത്തരവായത്. ഒരു വര്‍ഷത്തോളം മരവിച്ചു കിടന്ന ശേഷം ഉത്തരവ് പുറത്തിറങ്ങിയത് കേസിലെ വിധി അറിയുന്നതിന് തൊട്ടുമുന്‍പെന്ന സവിശേഷതയും ഉണ്ട്.
ആദ്യം കെഎസ്എഫ്ഇയില്‍ ജോലി നല്‍കാനായിരുന്നു തീരുമാനമെങ്കിലും പിന്നീട് ഔഷധിയിലേക്ക് മാറ്റുകയായിരുന്നു. ചന്ദ്രബോസ് മരിച്ചതോടെ അനാഥമായ കുടുംബത്തിന്റെ താങ്ങും തണലുമായിരുന്ന ജമന്തി വീട്ടുപണികള്‍ക്ക് പോയാണ് കുടുംബം പുലര്‍ത്തിയിരുന്നത്.
അതേസമയം, ചന്ദ്രബോസ് വധക്കേസിലെ വിധി പഠിച്ചശേഷം അപ്പീല്‍ പോവുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആസിഫ് അലിയുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it