കോഹിനൂര്‍ രത്‌നം: അവകാശം ഉന്നയിക്കാനാവില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ബ്രിട്ടനില്‍ സൂക്ഷിച്ചിരിക്കുന്ന 20 കോടി ഡോളര്‍ വിലമതിക്കുന്ന അമൂല്യമായ കോഹിനൂര്‍ രത്‌നത്തില്‍ ഇന്ത്യക്ക് അവകാശവാദം ഉന്നയിക്കാനാവില്ലെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍.
കോഹിനൂര്‍ രത്‌നം ബലപ്രയോഗത്തിലൂടെയോ കവര്‍ച്ചയിലൂടെയോ അല്ല ഇന്ത്യയില്‍ നിന്നു കൊണ്ടുപോയത്. പഞ്ചാബ് മഹാരാജാവായിരുന്ന രഞ്ജിത് സിങ് ബ്രിട്ടിഷ് രാജ്ഞിക്ക് സമ്മാനിക്കാന്‍ ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് കൈമാറുകയായിരുന്നുവെന്ന് കേന്ദ്ര സാംസ്‌കാരിക വകുപ്പിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍, കേന്ദ്രം ഇപ്പോള്‍ ഇങ്ങനെയൊരു നിലപാടെടുത്താല്‍ ഭാവിയില്‍ അവകാശവാദമുന്നയിക്കുന്നതില്‍ തടസ്സം നേരിടുമെന്നു കോടതി മുന്നറിയിപ്പുനല്‍കി. വിഷയത്തി ല്‍ ആറാഴ്ചയ്ക്കകം വിശദീകരണം നല്‍കാനും നിര്‍ദേശിച്ചു.
കേസില്‍ കക്ഷിയായ വിദേശകാര്യ മന്ത്രാലയം ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല. ഇന്ത്യയുടെ വിലമതിക്കുന്ന വസ്തുക്കള്‍ തിരികെ പിടിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ഹ്യൂമന്‍ റൈറ്റ്‌സ് ആന്റ് സോഷ്യല്‍ ജസ്റ്റിസ് ഫ്രണ്ട് സമര്‍പ്പിച്ച ഹരജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ബ്രിട്ടിഷുകാരുടെ പക്കലുള്ള കോഹിനൂര്‍ രത്‌നവും ടിപ്പുസുല്‍ത്താന്റെ വാളും മോതിരവും ഉള്‍പ്പെടെയുള്ള പുരാവസ്തുക്കള്‍ തിരിച്ചുവാങ്ങണമെന്നാണു ഹരജിയിലെ ആവശ്യം.
ഏകദേശം 1300 കോടി രൂപ വിലമതിക്കുന്ന 105 കാരറ്റ് വജ്രമായ കോഹിനൂര്‍ 1850ല്‍ വിക്ടോറിയ രാജ്ഞി കൈവശപ്പെടുത്തിയിരുന്നു. നിലവില്‍ കോഹിനൂര്‍ രത്‌നം ടവര്‍ ഓഫ് ലണ്ടനില്‍ പ്രദര്‍ശനത്തിനു വച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it