കോര്‍ബ എക്‌സ്പ്രസ്സിന്റെ എന്‍ജിന്‍ മുറിയില്‍ തീപ്പിടിത്തം

കടുത്തുരുത്തി: തിരുവനന്തപുരം-കോര്‍ബ എക്‌സ്പ്രസ്സിന്റെ എന്‍ജിന്‍ മുറിയില്‍ തീപ്പിടിത്തം. ലോക്കോ പൈലറ്റിന്റെ സീറ്റ് പൂര്‍ണമായും കത്തിനശിച്ചു. കോട്ടയം-എറണാകുളം റൂട്ടില്‍ വൈക്കം കുറുപ്പന്തറ സ്‌റ്റേഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണു സംഭവം. ഉടന്‍ ട്രെയിനിലെ ജീവനക്കാര്‍ തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തെ തുടര്‍ന്ന് കോട്ടയം വഴിയുള്ള ട്രെയിന്‍ഗതാഗതം രണ്ടരമണിക്കൂറോളം തടസ്സപ്പെട്ടു. കോട്ടയത്തുനിന്ന് പാസഞ്ചര്‍ ട്രെയിനിന്റെ എന്‍ജിനെത്തിച്ച് ഘടിപ്പിച്ചശേഷം 4.30നാണ് യാത്ര പുനരാരംഭിച്ചത്.
ട്രെയിനിന്റെ എന്‍ജിന്‍ വൈദ്യുതിയുമായി ബന്ധിപ്പിക്കുന്ന പാന്റംഗ്രാഫിന്റെ ബോള്‍ട്ട് ഇളകി എന്‍ജിനില്‍ തട്ടി അമിത വൈദ്യുതി പ്രവഹിച്ച് മുകള്‍ഭാഗം കത്തുകയായിരുന്നു. ഇളകിയ ഈ ഭാഗം എന്‍ജിന്റെ മുകളില്‍നിന്നു കത്തി. മേല്‍ക്കൂര ഉരുകി രൂപപ്പെട്ട ദ്വാരത്തിലൂടെ ഇത് ലോക്കോ പൈലറ്റിന്റെ സീറ്റിലേക്ക് വീണു. സീറ്റ് കത്തിയതോടെ പുക പടര്‍ന്നു. മുന്‍ഭാഗത്തായിരുന്ന ലോക്കോ പൈലറ്റുമാര്‍ പിന്നിലെത്തിയാണ് തീയണച്ചത്. ട്രെയിനിലുണ്ടായിരുന്ന സാങ്കേതികവിദഗ്ധരും ഇവര്‍ക്കൊപ്പം ചേര്‍ന്നു. വിവരമറിഞ്ഞ് കടുത്തുരുത്തിയില്‍നിന്ന് ഫയര്‍ഫോഴ്‌സുമെത്തി. അഗ്നിബാധയുടെ കാരണം വ്യക്തമല്ലെന്നും അന്വേഷിക്കുമെന്നും റെയില്‍വേ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്്രപസ് കോട്ടയത്ത് പിടിച്ചിട്ടു. കോര്‍ബ എക്‌സ്പ്രസ് കടന്നുപോയശേഷം 4.40നാണ് ട്രെയിന്‍ പുറപ്പെട്ടത്.
കേരള എക്‌സ്പ്രസ്സില്‍ എറണാകുളത്തേക്ക് പോവുകയായിരുന്ന മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി കോട്ടയത്ത് കുടുങ്ങി. പരശുറാം എക്‌സ്പ്രസ് വൈക്കം റോഡ് സ്‌റ്റേഷനിലും എറണാകുളം-കൊല്ലം മെമു മുളന്തുരുത്തി സ്‌റ്റേഷനിലും ഐലന്‍ഡ് എക്‌സ്്രപസ് ചങ്ങനാശ്ശേരിയിലും പിടിച്ചിട്ടു.
Next Story

RELATED STORIES

Share it