thiruvananthapuram local

കോര്‍പറേഷന്‍ നൂറു ശതമാനം ജനസൗഹൃദമാക്കുമെന്ന് മേയര്‍

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന ജനങ്ങളുടെ സൗകര്യത്തിനായി ഓഫീസ് നൂറു ശതമാനം ജനസൗഹൃദമാക്കുമെന്ന് മേയര്‍ അഡ്വ. വി കെ പ്രശാന്ത്. പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരസഭാ ഓഫീസിനു പുറമെ സോണല്‍ ഓഫീസുകളെയും ജനസൗഹൃദങ്ങളാക്കി മാറ്റും. ഇതിനായി ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ടുണ്ട്. അവര്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. മേയറും ഡെപ്യൂട്ടിമേയറും സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരും സോണല്‍ ഓഫീസുകളില്‍ കൃത്യമായ ഇടവേളകളില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമെടുക്കും. സേവനങ്ങള്‍ പരമാവധി ഓണ്‍ലൈന്‍വഴി ലഭ്യമാക്കും. ഇതിനായി ടെക്‌നോപാര്‍ക്കിലെ യുവാക്കള്‍ സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. മാലിന്യസംസ്‌ക്കരണം, തെരുവുനായ വിഷയം എന്നിവയക്ക് പ്രഥമ പരിഗണന നല്‍കിയിട്ടുണ്ട്. ഈ വിഷയങ്ങളില്‍ എത്രയും വേഗം നടപടികള്‍ ഉണ്ടാകും. അതിനായി ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയതായും മേയര്‍ പറഞ്ഞു. നിലവില്‍ 50 വാര്‍ഡുകളെ കഴിഞ്ഞഭരണസമിതി സമ്പൂര്‍ണശുചിത്വവാര്‍ഡുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു വിപുലമായി തുടരുകയാണ് പുതിയ ഭരണസമിതിയും ലക്ഷ്യമിടുന്നത്. ഇതിനായി ബന്ധപ്പെട്ട വകുപ്പുതലവന്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്. വികേന്ദ്രീകൃത മാലിന്യപ്ലാന്റുകള്‍ സ്ഥാപിക്കും.
റസിഡന്‍സ് അസോസിയേഷനുകളുമായി സഹകരിച്ച് പ്ലാസ്റ്റിക് മാലിന്യപ്രശ്‌നവും— ഫലപ്രദമായി പരിഹരിക്കും. ഫഌക്‌സ്‌ബോര്‍ഡുകള്‍ നീക്കം ചെയ്യും. തെരുവുവിളക്കുകള്‍ കത്തിക്കാനുള്ള നടപടികളുണ്ടാകും. പാര്‍ക്കിങ് വിഷയത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി എടുത്ത നടപടികളില്‍ പരിഷ്‌കരണം ആവശ്യമെങ്കില്‍ കൈക്കൊള്ളും. സര്‍ക്കാരുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും മേയര്‍ പറഞ്ഞു. തെരുവുനായ പ്രശ്‌നം പരിഹരിക്കുവാന്‍ നിയമവ്യവസ്ഥകള്‍ക്ക് ഉള്ളില്‍ നിന്നുകൊണ്ടുള്ള നടപടി സ്വീകരിക്കും. നഗരത്തിലെ പ്രധാന ജങ്ഷനുകള്‍ സൗന്ദര്യവത്കരിക്കുന്നതിനും ഓടകളുടെ നവീകരണത്തിനും തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 20 ജങ്ഷനുകളെയാണ് ഇതിനായി പരിഗണിക്കുകയെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it