കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ കരട് സാധ്യതാ പട്ടിക 29ന്

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ കരട് സാധ്യതാ പട്ടിക ഈ മാസം 29ന് തയ്യാറാക്കി സമര്‍പ്പിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ജില്ലാ ഉപസമിതികള്‍ക്ക് നിര്‍ദേശം നല്‍കി.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് പ്രാഥമിക പരിശോധന നടത്തുന്നതിന് ജില്ലകളിലേക്ക് നിയോഗിച്ചിട്ടുള്ള ഉപസമിതി അംഗങ്ങളുടെ അടിയന്തര യോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സുധീരന്‍ ഇക്കാര്യം അറിയിച്ചത്. ജില്ലാതലങ്ങളില്‍ പ്രാഥമിക സാധ്യതാ പട്ടിക തയ്യാറാക്കുന്നതിന് മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി.
ഡിസിസി പ്രസിഡന്റ് കണ്‍വീനറായ സമിതിയില്‍ ജില്ലകളുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി, തദ്ദേശ തിരഞ്ഞെടുപ്പില്‍ അധിക ചുമതല നല്‍കിയ കെപിസിസി ഭാരവാഹി എന്നിവരാണ് സമിതി അംഗങ്ങള്‍. ഇവര്‍ ജില്ലാതലത്തില്‍ ചര്‍ച്ചകള്‍ നടത്തി ഈ മാസം 28ന് പ്രാഥമിക റിപോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് ഒന്നിന് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, വി എം സുധീരന്‍ എന്നിവര്‍ കരട് സാധ്യതാ പട്ടികയ്ക്ക് രൂപം നല്‍കും.
ഹൈക്കമാന്‍ഡിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ചുള്ള പ്രാഥമിക നടപടിയാണിത്. സംസ്ഥാന തിരഞ്ഞെടുപ്പ് സമിതിയും യോഗം ചേരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജയസാധ്യതയും ജനസ്വീകാര്യതയുമായിരിക്കും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പൊതു മാനദണ്ഡം. താഴെത്തലത്തിലെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കാനാണ് ജില്ലാതല സമിതിയെ നിയോഗിച്ചത്. യുഡിഎഫ് ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ച എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ചില മാധ്യമങ്ങള്‍ പുറത്തുവിടുന്ന വാര്‍ത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് വി എം സുധീരന്‍ പറഞ്ഞു.
യുഡിഎഫിലും കോണ്‍ഗ്രസ്സിലും ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് കൈരളി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇത്തരം പട്ടികകള്‍ പുറത്തുവിടുന്നത്. ഇത് തെറ്റായ രീതിയാണ്. നിലവില്‍ പ്രാഥമിക പട്ടികയ്ക്ക് രൂപം നല്‍കുന്ന നടപടിക്രമം ആരംഭിച്ചതേയുള്ളൂ.
ഭരണ തുടര്‍ച്ചയ്ക്കായി ഏതു വെല്ലുവിളിയും നേരിടാനുള്ള മനോവീര്യം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും യുഡിഎഫിനുമുണ്ട്. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവന പാടില്ല. ഘടക കക്ഷികളുടെ സീറ്റുകള്‍ സംബന്ധിച്ചും കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായ അഭിപ്രായപ്രകടനം നടത്തരുത്. ഇതുസംബന്ധിച്ച് ഹൈക്കമാന്‍ഡില്‍ നിന്നു കൃത്യമായ നിര്‍ദേശമുണ്ട്. ഇക്കാര്യങ്ങള്‍ പാര്‍ട്ടി ഫോറത്തിലും നേതൃത്വത്തോടും പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it