Editorial

കോണ്‍ഗ്രസ്സുകാര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കരുത്

നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനും തുടര്‍നടപടികള്‍ ആസൂത്രണം ചെയ്യാനും വേണ്ടി ചേര്‍ന്ന കെപിസിസി നിര്‍വാഹകസമിതി യോഗം അവസാനിച്ചത് മല എലിയെ പ്രസവിച്ച അവസ്ഥയിലാണ്. പ്രസിഡന്റ് മുതല്‍ താഴോട്ടുള്ള എല്ലാ നേതാക്കന്മാരും ചേര്‍ന്ന് പരസ്പരം കുറ്റപ്പെടുത്തുകയും വഴക്കിടുകയും മറ്റുള്ളവരില്‍ പരാജയത്തിന്റെ ഉത്തരവാദിത്തം കെട്ടിയേല്‍പിക്കുകയും ചെയ്തു. എന്തുകൊണ്ട് തോറ്റുപോയി എന്ന ചോദ്യത്തിന്റെ ശരിയായ ഉത്തരം കണ്ടെത്താന്‍ ആരും ശ്രമിച്ചില്ല. ഒടുവില്‍ മുട്ടുശാന്തി എന്ന നിലയില്‍ ഒരു ഉപസമിതി രൂപീകരിച്ചു പിരിയുകയാണു ചെയ്തത്. വി എം സുധീരന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നീ ത്രിമൂര്‍ത്തികള്‍ ഇനിയും പാര്‍ട്ടിയുടെ തലപ്പത്ത് തുടരും. കോണ്‍ഗ്രസ്സുകാര്‍ ഗ്രൂപ്പ് കളിച്ച് പാര്‍ട്ടിയുടെ അടിവേരു മാന്തിയെടുക്കുകയും ചെയ്യും.
കേരള രാഷ്ട്രീയത്തില്‍ വലിയൊരു ദുരന്തത്തിനാണ് തങ്ങള്‍ വഴിമരുന്നിടുന്നത് എന്ന് തങ്ങളുടെ പാര്‍ട്ടിയുടെ തകര്‍ച്ചയുടെ നേരെ അലസ സമീപനം കൈക്കൊള്ളുന്ന കോണ്‍ഗ്രസ് നേതാക്കന്മാര്‍ ആലോചിക്കുന്നുണ്ടോ? കോണ്‍ഗ്രസ് വോട്ടുകളിലുണ്ടായ വന്‍ ചോര്‍ച്ച സൂചിപ്പിക്കുന്നത് ഇടതുപക്ഷം മേല്‍ക്കൈ നേടി എന്നല്ല, തീവ്ര ഹൈന്ദവത പുതിയൊരു രാഷ്ട്രീയശക്തിയായി ഉയര്‍ന്നുവരുന്നു എന്നാണ്. കോണ്‍ഗ്രസ് നേതൃത്വം ഇപ്പോഴത്തെ നിഷ്‌ക്രിയത്വം തുടരുകയാണെങ്കില്‍ ആസന്നഭാവിയില്‍ ഈ ഹൈന്ദവ രാഷ്ട്രീയധാര കൂടുതല്‍ കരുത്താര്‍ജിക്കുകയും കോണ്‍ഗ്രസ്സിന് ഇപ്പോഴുള്ള സ്ഥാനം അവര്‍ പിടിച്ചെടുക്കുകയും ചെയ്യും. ഹൈന്ദവ ഫാഷിസത്തെ തടയാന്‍ ബാധ്യസ്ഥമായ സെക്കുലര്‍ രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലയില്‍ പ്രതിരോധകവചം തീര്‍ക്കേണ്ട കോണ്‍ഗ്രസ് തകര്‍ന്നുപോയാല്‍ അത് സൃഷ്ടിക്കുന്നത് വിനാശകരമായ പരിണതികളായിരിക്കും. ഇതൊന്നും തിരിച്ചറിയാതെ വിഴുപ്പലക്കല്‍ നടത്തുകയാണ് പാര്‍ട്ടി നേതാക്കള്‍ ചെയ്തത്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ഈ പ്രവൃത്തി മതേതര ചിന്താഗതിക്കാരായ ജനാധിപത്യവാദികളില്‍ സൃഷ്ടിക്കുന്ന ആശങ്ക ചെറുതല്ല; ന്യൂനപക്ഷങ്ങള്‍ക്കിടയിലുണ്ടാക്കുന്ന ഭീതിയും.
കോണ്‍ഗ്രസ് വിവിധ സംസ്ഥാനങ്ങളില്‍ നേരിട്ടുകൊണ്ടിരിക്കുന്ന തകര്‍ച്ചയുമായി ഇതിനെ ചേര്‍ത്തുവായിക്കുക തന്നെ വേണം. ഛത്തീസ്ഗഡില്‍ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയും സീനിയര്‍ നേതാവുമായ അജിത് ജോഗി പുതിയ പ്രാദേശിക പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുകയാണ്. പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജി ഈ വഴിയിലൂടെ നേരത്തേ തന്നെ സഞ്ചരിച്ചു. ആന്ധ്രപ്രദേശില്‍ വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി വൈഎസ്ആര്‍ കോണ്‍ഗ്രസ്സുണ്ടാക്കി കോണ്‍ഗ്രസ്സിനെ അവിടെ 2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംപൂജ്യരാക്കി. അരുണാചല്‍പ്രദേശ്, ഹരിയാന, അസം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസ്സുകാര്‍ പ്രാദേശിക പാര്‍ട്ടികളുണ്ടാക്കുകയോ കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴിച്ചുപോക്കു നടത്തുകയോ ചെയ്തിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ പാര്‍ട്ടി നേരിടുന്ന യഥാര്‍ഥ പ്രശ്‌നങ്ങള്‍ എന്തൊക്കെയാെണന്നു മനസ്സിലാക്കാന്‍ ശ്രമിക്കുകയും ശരിയായ ദിശാബോധത്തോടെ മുന്നോട്ടുനീങ്ങുകയും ചെയ്താല്‍ കോണ്‍ഗ്രസ് രക്ഷപ്പെട്ടേക്കും. 1970ലെ തിരഞ്ഞെടുപ്പിലുണ്ടായ വന്‍ തകര്‍ച്ചയ്ക്കുശേഷം ഒമ്പത് സീറ്റില്‍ നിന്ന് അധികാരത്തിലേക്കു നടന്നെത്തിയ ചരിത്രം കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ മറക്കരുത്.
Next Story

RELATED STORIES

Share it