ernakulam local

കോണത്തുപുഴയ്ക്ക് പുനര്‍ജന്മം നല്‍കാന്‍ ആഹ്വാനംചെയ്ത് വിദ്യാര്‍ഥികളുടെ പുഴയാത്ര

തൃപ്പൂണിത്തുറ: മരണം കാത്തുകിടക്കുന്ന കോണത്തുപുഴയ്ക്ക് പുനര്‍ജന്മം നല്‍കാന്‍ ജനകീയ കൂട്ടായ്മയ്ക്ക് ആഹ്വാനം ചെയ്ത് പരിസ്ഥിതി ദിനത്തില്‍ എം സ്വരാജ് എംഎല്‍എ വിദ്യാര്‍ഥികള്‍ക്കൊപ്പം നടത്തിയ പുഴയാത്ര പുഴ വീണ്ടെടുക്കാനുള്ള ഒരു ജനതയുടെ ആഗ്രഹങ്ങള്‍ക്ക് ചിറകുകള്‍ നല്‍കുന്നു.
ഇരുമ്പനം വെട്ടുവേലിക്കടവില്‍നിന്ന് ആരംഭിച്ച് ഉദയംപേരൂര്‍ പഞ്ചായത്തിലെ പൂത്തോട്ടയില്‍ അവസാനിക്കുന്ന കോണത്തുപുഴയുടെ ദൈര്‍ഘ്യം 17 കിലോമീറ്ററാണ്.
തൃപ്പൂണിത്തുറ നഗരസഭ, ചോറ്റാനിക്കര, മുളന്തുരുത്തി, ആമ്പല്ലൂര്‍, ഉദയംപേരൂര്‍ പഞ്ചായത്തുകളിലൂടെ ഒഴുകിയിരുന്ന ഈ പുഴ ഒരു കാലത്ത് ഈ പ്രദേശങ്ങളിലെ കൃഷി, മല്‍സ്യബന്ധനം, ജലഗതാഗതം തുടങ്ങിയവയുടെ സ്രോതസ്സായിരുന്നു. എന്നാല്‍ കാലക്രമത്തില്‍ പുഴയുടെ പ്രാധാന്യം മനസ്സിലാക്കാതെ മനുഷ്യര്‍ നടത്തിയ അമിത ചൂഷണം കോണത്ത്പുഴയെയും നശിപ്പിച്ചു. പുഴയരുകിലെ കൈയേറ്റങ്ങള്‍ക്കൊപ്പം മാലിന്യനിക്ഷേപത്തിനുള്ള ഇടമായും പുഴയെ കാണുന്ന സ്ഥിതിവന്നതോടെ പുഴ ഏതാണ്ട് പൂര്‍ണമായി ഒഴുക്കു നിലച്ച് മലിനപ്പെട്ട സ്ഥിതിയിലുമായി.
ഈ സാഹചര്യത്തിലാണ് ഒരു നാടിന്റെ ആവശ്യം എന്ന നിലയില്‍ പുഴയെ വീണ്ടെടുക്കുകയെന്ന സന്ദേശവുമായി ഉദയംപേരൂര്‍ എസ്എന്‍ഡിപി ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പുഴ സംരക്ഷണത്തിനായി കാംപയിനുകള്‍ ആരംഭിച്ചത്. പുഴ സംരക്ഷണത്തിനായി ജനകീയ കൂട്ടായ്മയും സംരക്ഷണ ശൃംഖലയും തീര്‍ത്ത വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കി സംഘടിപ്പിച്ച പുഴയാത്ര പുഴയുടെ നിലവിലെ ദയനീയ ചിത്രം സമൂഹത്തിനു കാണിച്ചുകൊടുക്കുന്നതായിരുന്നു.
പുഴയാത്രയില്‍ ആദ്യാവസാനം കുട്ടികള്‍ക്കൊപ്പം സഞ്ചരിച്ച എംഎല്‍എ വിദ്യാര്‍ഥികളില്‍നിന്നും ജനപ്രതിനിധികളില്‍നിന്നും പുഴയുടെ പൂര്‍വകാല ചരിത്രവും പ്രാധാന്യവും ചോദിച്ചറിഞ്ഞു. പുഴ നവീകരിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഗവണ്‍മെന്റ് എന്നിവയുടെ സഹകരണത്തോടെ പദ്ധതി തയ്യാറാക്കുമെന്ന് എംഎല്‍എ അറിയിച്ചു. പുഴയെ വീണ്ടെടുക്കുന്നതിനൊപ്പം പുഴയുടെ ആദ്യകാലത്തെ മനോഹരമായ പൂക്കൈതയാറ് എന്ന പേരും വീണ്ടെടുക്കണമെന്നും സ്വരാജ് പറഞ്ഞു.
പുഴയാത്രയുടെ ഉദ്ഘാടനം പൂത്തോട്ടയില്‍ എം സ്വരാജ് എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ ജേക്കബ് അധ്യക്ഷതവഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇ ജി ബാബു, എല്‍ സന്തോഷ്, കെ പി രവികുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it