thrissur local

കൊടുങ്ങല്ലൂര്‍-നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡ് നിര്‍മാണം പുരോഗമിക്കുന്നു

മാള: ജനങ്ങളുടെ ചിരകാല സ്വപ്‌നമായ കൊടുങ്ങല്ലൂര്‍-പൊയ്യ പൂപ്പത്തി- നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡ് നിര്‍മാണം പുരോഗമിക്കുന്നു. കൊടുങ്ങല്ലൂര്‍ മുതല്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വരെ 31.5 കിലോമീറ്റര്‍ ദൂരം വരുന്ന റോഡ് രണ്ട് റീച്ചുകളിലായാണ് പണിയുന്നത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് മുതല്‍ കൊച്ചുകടവ് വരെ പറവൂര്‍ ഡിവിഷനിലും കൊച്ചുകടവ് മുതല്‍ കൊടുങ്ങല്ലൂര്‍ വരെ കൊടുങ്ങല്ലൂര്‍ ഡിവിഷനിലുമാണ് റോഡ് വരുന്നത്. ഇതില്‍ ചെങ്ങമനാട് മുതല്‍ കൊച്ചുകടവ് വരെയുള്ള ഭാഗത്തെ റോഡിന്റെ ടാറിങ് പൂര്‍ത്തീകരിച്ച് ലൈനുകളിട്ട് കഴിഞ്ഞു. എയര്‍പോര്‍ട്ട് മുതല്‍ ചെങ്ങമനാട് വരെ നേരത്തെ തന്നെ ബിഎംബിസി ടാറിങ് നടത്തിയിട്ടുണ്ട്. ഇനി സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന പണിയാണ് അവശേഷിക്കുന്നത്. കൊച്ചുകടവ് മുതല്‍ പാറപ്പുറം വരെയുള്ള റോഡില്‍ ബിറ്റുമിന്‍ മെക്കാടം ടാറിങ് കഴിഞ്ഞു. ഇനിയതിന് മേല്‍ ബിറ്റുമിന്‍ കോണ്‍ഗ്രീറ്റ് ടാറിങാണ് അവശേഷിക്കുന്നത്.
കൂടാതെ സൈന്‍ ബോര്‍ഡുകളും സ്ഥാപിക്കണം. ഇന്നുകൂടി ടാറിംഗ് നടത്തി തല്‍ക്കാലം ടാറിങ് പണി നിര്‍ത്തിവക്കും. താണിശ്ശേരിക്കും പൂപ്പത്തി കിണര്‍ സ്‌റ്റോപ്പിനുമിടയില്‍ താഴ്ന്ന ഭാഗം ഉയര്‍ത്തേണ്ടതിനാലും ജലനിധി പദ്ധതിയുടെ പണികള്‍ പൂര്‍ത്തീകരിക്കാത്തതുമാണ് പണി തടസ്സപ്പെടാന്‍ കാരണം. ശേഷിക്കുന്നത് അഞ്ചു കിലോമീറ്ററുകളോളം വരുന്ന റോഡിന്റെ ടാറിംഗാണ്.
ടാറിങ് കഴിഞ്ഞ് ആവശ്യമായ സൈന്‍ ബോര്‍ഡുകളും മറ്റ് സുരക്ഷാ സംവിധാനങ്ങളുമൊരുക്കി അടുത്ത മാസം അവസാനത്തോടെ റോഡ് പൂര്‍ണമായും ഗതഗതത്തിന് തുറന്നു കൊടുക്കാമെന്നാണ് പ്രതീക്ഷയെന്ന് പിഡബ്ല്യുഡി എന്‍ജിനീയര്‍ ജോയ് അറിയിച്ചു. അതിനകം തന്നെ എരവത്തൂര്‍ കുഴൂര്‍ചിറ ഭാഗത്ത് പണിയുന്ന വഴിയോര വിശ്രമ കേന്ദ്രത്തിന്റെ നിര്‍മാണവും പൂര്‍ത്തീകരിക്കപ്പെടും. ജലനിധി പദ്ധതിക്കായി ഒരു മാസത്തിലധികം നല്‍കിയിട്ടും പൈപ്പിടല്‍ പൂര്‍ണമായിട്ടില്ല. അതിനാലാണ് റോഡിന്റെ നിര്‍മാണവും നീളുന്നത്.
റോഡിന്റെ പണി പൂര്‍ത്തീകരിക്കപ്പെടുന്നതോടെ തീരദേശത്ത് നിന്നും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് ഏറ്റവും എളുപ്പത്തിലെത്താവുന്ന പാതയായിത് മാറും.
പൊയ്യ മുതല്‍ ചെങ്ങമനാട് വരെയുള്ള അവികസിതമായ പ്രദേശങ്ങളെ വികസന പാതയിലെത്തിക്കാനും പാത ഉപകരിക്കും. 15 മീറ്റര്‍ വീതി വിഭാവനം ചെയ്ത സ്ഥാനത്ത് അഞ്ചു മീറ്റര്‍ വീതിയില്‍ മാത്രം ടാറിങ് നടത്തിയെന്ന ന്യൂനതയാണ് പ്രധാനമായുമുള്ളത്.
Next Story

RELATED STORIES

Share it