കേസില്‍ പ്രതിയായി എന്ന പേരില്‍ ജനപ്രതിനിധികളെ ഒഴിവാക്കാനാവില്ല: ആഭ്യന്തരമന്ത്രി

തൊടുപുഴ: കേസില്‍ പ്രതിയാവുന്നതിന്റെ പേരില്‍ ജനപ്രതിനിധികളെ സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കൊട്ടക്കാമ്പൂര്‍ ഭൂമി വിവാദക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ജോയ്‌സ് ജോര്‍ജ് എംപിയെ ഇന്നലെ ജില്ലയില്‍ നടന്ന പോലിസ് സ്‌റ്റേഷന്‍ ഉദ്ഘാടന ചടങ്ങുകളില്‍ നിന്ന് ഒഴിവാക്കണമെന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെ പ്രസ്താവനയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
കേരളത്തെ ഫാഷിസത്തില്‍ നിന്നും അക്രമരാഷ്ട്രീയത്തില്‍ നിന്നും രക്ഷിക്കുന്നതിനാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ കേരള രക്ഷായാത്ര നടത്തുന്നത്. രക്ഷാ യാത്രയില്‍ നിന്നു മുല്ലപ്പളളി രാമചന്ദ്രന്‍ വിട്ടുനിന്നത് ശരിയായോ എന്ന ചോദ്യത്തിന് ചെന്നിത്തല വ്യക്തമായ മറുപടി നല്‍കിയില്ല. രക്ഷായാത്രയ്ക്ക് ശേഷം നിയമസഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനം ആരംഭിക്കും. ജനതാദള്‍ യുഡിഎഫ് വിടുമെന്ന പ്രചാരണം വിശ്വസിക്കുന്നില്ല. അതിനുള്ള സാഹചര്യം ഇപ്പോഴില്ല. ജനതാദള്‍ യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ്.
സിപിഎമ്മുമായി ജനതാദള്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. പ്രാദേശികമായി ചില പ്രശ്‌നങ്ങളുണ്ടെങ്കില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും.
പാലിയേക്കര ടോള്‍ പിരിവു കമ്പനിക്ക് വേണ്ടി ഡിവൈഎസ്പി വാഹനയാത്രക്കാരെ ദ്രോഹിക്കുന്നുവെന്ന പരാതി അന്വേഷിക്കാന്‍ തൃശൂര്‍ റേഞ്ച് ഐജിയെ ചുമതലപ്പെടുത്തിയതായും ചെന്നിത്തല അറിയിച്ചു.
Next Story

RELATED STORIES

Share it