Districts

കേരളാ കോണ്‍ഗ്രസ്സില്‍ അഭിപ്രായ ഭിന്നത രൂക്ഷം

കോട്ടയം: ബാര്‍ കോഴ കേസിലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കെ എം മാണി മന്ത്രിസ്ഥാനം രാജിവച്ചാല്‍ അദ്ദേഹത്തിന്റെ പിന്‍ഗാമി ആരെന്ന കാര്യത്തില്‍ കേരളാ കോണ്‍ഗ്രസ്സില്‍ അഭിപ്രായ ഭിന്നത രൂക്ഷമായി.
മാണിയുടെ പകരക്കാരനായി ജോസ് കെ മാണിയെ യുഡിഎഫ് മന്ത്രിസഭയില്‍ ഉള്‍പ്പെടുന്നതിന് ഔദ്യോഗിക പക്ഷം ചില തിരക്കിട്ട ചര്‍ച്ചകള്‍ നടത്തിയെങ്കിലും ജോസഫ് വിഭാഗം ഇത് അംഗീകരിച്ചില്ല. ഇതോടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും ചങ്ങനാശ്ശേരി എംഎല്‍എയുമായ സി എഫ് തോമസിന് മാണിയുടെ കൈവശമുള്ള ധനം അടക്കമുള്ള സുപ്രധാന വകുപ്പുകള്‍ നല്‍കാന്‍ ഔദ്യോഗിക പക്ഷം നീക്കങ്ങള്‍ ആരംഭിച്ചു.
പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ നഷ്ടമായാല്‍ പി ജെ ജോസഫിന്റെ നേതൃത്വത്തിലുള്ള പ്രബല വിഭാഗം കേരളാ കോണ്‍ഗ്രസ്സില്‍ ആധിപത്യം ഉറപ്പിക്കുകയും ജോസ് കെ മാണി അടക്കമുള്ളവരുടെ രാഷ്ട്രീയ ഭാവി അപടകടത്തിലാവുകയും ചെയ്യുമെന്നും മാണി അനുകൂലികള്‍ ഭയപ്പെടുന്നു. കേരളാ കോണ്‍ഗ്രസ്സിലെ രണ്ടാമനായ പി ജെ ജോസഫിനെ പിന്തള്ളി സി എഫ് തോമസിന് ധനമന്ത്രി സ്ഥാനം നല്‍കുന്നതിനോട് ജോസഫ് വിഭാഗത്തിന് ശക്തമായ അമര്‍ഷം ഉണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. പാര്‍ട്ടിക്ക് അനുവദിച്ചിരിക്കുന്ന സുപ്രധാന വകുപ്പുകള്‍ പി ജെ ജോസഫിനു നല്‍കണമെന്ന് ജോസഫ് വിഭാഗം നേതാവും മുന്‍ എംഎല്‍എയുമായ പി സി ജോസഫ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ വ്യത്യസ്ത അഭിപ്രായം നിലനില്‍ക്കുന്നതിനു തെളിവാണ് പി സി ജോസഫിന്റെ ഇടപെടല്‍. മാണി രാജിവയ്ക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി നോമിനികളായ മന്ത്രി പി ജെ ജോസഫ്, ചീഫ്‌വിപ്പ് തോമസ് ഉണ്ണിയാടന്‍ എന്നിവര്‍ തല്‍സ്ഥാനം രാജിവയ്ക്കണമെന്ന നിലപാടുകാരും പാര്‍ട്ടിയിലുണ്ട്.
എന്നാല്‍, തന്റെ പേരില്‍ അഴിമതി ആരോപണം ഇല്ലെന്നും മന്ത്രിസ്ഥാനം ബലികഴിക്കാന്‍ ഒരുക്കമല്ലെന്നുമാണ് പി ജെ ജോസഫ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. എന്നാല്‍, തോമസ് ഉണ്ണിയാടന്‍ മാണിക്കൊപ്പം രാജിനല്‍കാന്‍ സന്നദ്ധനാണെന്ന് നേതൃത്വത്തെ അറിയിച്ചതായാണു സൂചന.
പാര്‍ട്ടി അംഗങ്ങളെ കൂട്ടമായി പിന്‍വലിച്ച് കോണ്‍ഗ്രസ്സിനെ കൂടുതല്‍ പ്രതിരോധത്തിലാക്കാനുള്ള മാണി വിഭാഗത്തിന്റെ നീക്കങ്ങളോട് ജോസഫ് വിഭാഗത്തിനുള്ള എതിര്‍പ്പ് ഇന്നത്തെ യോഗത്തില്‍ വലിയ വാദപ്രതിവാദങ്ങള്‍ക്കു വഴിവച്ചേക്കും. ഇതിനിടെ യുഡിഎഫ് സര്‍ക്കാരില്‍ കേരളാ കോണ്‍ഗ്രസ്സിനു ലഭിച്ച കോര്‍പറേഷന്‍, ബോര്‍ഡ് സ്ഥാനങ്ങളും മറ്റ് സര്‍ക്കാര്‍ പദവികളും രാജിവച്ച് മാണിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. അടുത്തകാലത്തായി ജോസ് കെ മാണി പാര്‍ട്ടിയില്‍ കൂടുതല്‍ പിടിമുറുക്കുന്നത് കേരളാ കോണ്‍ഗ്രസ്സില്‍ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it