കെ ആര്‍ മീരയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെ ആര്‍ മീരയ്ക്ക്. ആരാച്ചാര്‍ എന്ന നോവലാണ് മീരയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ ഒരു പെണ്‍ ആരാച്ചാരുടെ കഥ പറയുന്ന നോവല്‍ ആദ്യമായി പ്രകാശിതമായത് മാധ്യമം ആഴ്ചപ്പതിപ്പിലായിരുന്നു. പിന്നീട് 2012ല്‍ ഡിസി ബുക്‌സ് പുസ്തകരൂപത്തില്‍ പുറത്തിറക്കി.
2013ലെ ഓടക്കുഴല്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവയും 2014ലെ വയലാര്‍ പുരസ്‌കാരവും ഈ നോവലിനു ലഭിച്ചിട്ടുണ്ട്. ഹാങ് വുമണ്‍ എന്ന പേരില്‍ ഇത് ഇംഗ്ലീഷില്‍ പുറത്തിറക്കിയിട്ടുണ്ട്.
അസഹിഷ്ണുതയുടെ കാലത്ത് ഭരണകൂടഭീകരതയെ എതിര്‍ക്കുന്ന നോവല്‍ അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നായിരുന്നു പുരസ്‌കാരവാര്‍ത്തയോട് മീരയുടെ പ്രതികരണം. മീരയുടെ ആവേ മരിയ എന്ന ചെറുകഥ 2009ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിരുന്നു.
ചെറുകഥാവിഭാഗത്തില്‍ ആറുപേര്‍ക്കും ആറു കവിതാസമാഹാരങ്ങള്‍ക്കും നോവല്‍ ഇനത്തില്‍ നാലു പേര്‍ക്കും ലേഖനം, നിരൂപണം, നാടകം എന്നിവയില്‍ രണ്ടുവീതം പുസ്തകങ്ങളും ഒരു ആത്മകഥയ്ക്കുമാണ് ഇക്കുറി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നല്‍കിയിരിക്കുന്നത്. ഇംഗ്ലീഷില്‍ സൈറസ് മിസ്ത്രിയുടെ ക്രോണിക്കിള്‍ ഓഫ് എ കോര്‍പ്‌സ് ബിയറര്‍ എന്ന നോവലിനാണ് പുരസ്‌കാരം. മലയാളിയായ എ മാധവന്റെ ഇളകിയ ചുവടുകള്‍ എന്ന തമിഴ് ലേഖനസമാഹാരത്തിനാണ് തമിഴിലെ മികച്ച ലേഖനസമാഹാരത്തിനുള്ള പുരസ്‌കാരം. ബംഗാളി ഭാഷയിലുള്ള കൃതികളുടെ പുരസ്‌കാരം പിന്നീട് പ്രഖ്യാപിക്കും. 23 ഇന്ത്യന്‍ ഭാഷകളില്‍നിന്നുള്ള മൂന്നുപേരടങ്ങുന്ന ജൂറി അംഗങ്ങളാണ് പുരസ്‌കാരത്തിനായി കൃതികള്‍ തിരഞ്ഞെടുത്തത്. ആശാ മേനോന്‍, പ്രഫ. എം കെ സാനു, ഡോ. വി രാജകൃഷ്ണന്‍ എന്നിവരാണ് മലയാളത്തില്‍നിന്നുള്ള ജൂറി അംഗങ്ങള്‍. ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങിയ പുരസ്‌കാരം 2016 ഫെബ്രുവരി 16ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.

Next Story

RELATED STORIES

Share it