malappuram local

കുട്ടികള്‍ കുറ്റവാളികളും ഇരകളുമാക്കപ്പെടുന്നത് തടയും: ബാലാവകാശ സംരക്ഷണ യോഗം

മലപ്പുറം: കുട്ടികള്‍ കുറ്റവാളികളും ഇരകളുമാക്കപ്പെടുന്ന അവസ്ഥ ജില്ലയില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണം നല്‍കേണ്ടത് അനിവാര്യമാണെന്ന് ബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗം വിലയിരുത്തി. ജില്ലാ കലക്ടര്‍ എസ് വെങ്കിടേസപതിയുടെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും സര്‍ക്കാരിതര സംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുത്തു.—വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നത് മറ്റ് പല കുറ്റകൃത്യങ്ങള്‍ക്കും വഴിയൊരുക്കുന്നതോടൊപ്പം മറ്റുള്ളവരാല്‍ ഉപയോഗിക്കപ്പെടുന്ന സാഹചര്യവുമുണ്ടാവുകയാണ്. സ്‌കൂളുകളില്‍ ബൈക്കും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നത് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടാണെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടി. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്ന കുറ്റാരോപിതരായ കുട്ടികളേയും മാതാപിതാക്കളേയും തിരുത്തല്‍ നടപടിയുടെ ഭാഗമായി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുഖേന എടപ്പാളില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡ്രൈവേസ് ട്രെയിനിങ് ആന്‍ഡ് റിസേച്ച് സെന്ററില്‍ പരിശീലനത്തിനയയ്ക്കാനും തീരുമാനമായി.—രണ്ട് മാസത്തിലൊരിക്കല്‍  ജില്ലാ കലക്റ്ററുടെ അധ്യക്ഷതയില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ബാലവിവാഹത്തിനെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.—പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജാഫര്‍ മാലിക്,വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍,സര്‍ക്കാരിതര ഏജന്‍സികളുടെ പ്രതിനിധികള്‍ പങ്കെടുത്തു.—
Next Story

RELATED STORIES

Share it