കുടുംബശ്രീ വാര്‍ഷിക കര്‍മപദ്ധതി സമര്‍പ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് അതത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു മുമ്പാകെ കുടുംബശ്രീ വാര്‍ഷിക കര്‍മപദ്ധതി സമര്‍പ്പിക്കുന്നു. സാമൂഹിക- സാമ്പത്തിക മേഖലകളില്‍ കുടുംബശ്രീ സിഡിഎസുകള്‍ മുഖേന നടപ്പാക്കിവരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ലക്ഷ്യബോധം കൈവരിക്കുന്നതിനാണ് പുതുതായി അധികാരമേല്‍ക്കുന്ന ഭരണസമിതിക്ക് കര്‍മപദ്ധതി സമര്‍പ്പിക്കുന്നത്. ഇതു പിന്നീട് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതിരേഖയില്‍ ഉള്‍പ്പെടുത്തും.
ഇതാദ്യമായാണ് കുടുംബശ്രീ തദ്ദേശഭരണ സ്ഥാപന മേധാവികള്‍ അധികാരമേല്‍ക്കുമ്പോള്‍ തന്നെ അംഗങ്ങളില്‍ നിന്നു സമാഹരിച്ച വിവരങ്ങള്‍ അടങ്ങിയ വികസനരേഖ സമര്‍പ്പിക്കുന്നത്. ഇതനുസരിച്ച് സംസ്ഥാനത്തെ 1072 കുടുംബശ്രീ സിഡിഎസുകളും തങ്ങളുടെ പ്രദേശത്തു നടപ്പാക്കേണ്ട മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയ കര്‍മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. നിലവിലുള്ള കുടുംബശ്രീ സംവിധാനത്തെ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നതു സംബന്ധിച്ച നിര്‍ദേശങ്ങളും പദ്ധതി രൂപരേഖയിലുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ദാരിദ്ര്യ നിര്‍മാര്‍ജനം, സ്വാശ്രയത്വം, സാമൂഹിക നീതി, സാമൂഹിക സുരക്ഷ എന്നിവ ഉറപ്പു വരുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍, അതത് പ്രദേശത്തെ സ്ത്രീ- ശിശു സൗഹൃദമാക്കുന്നതിനും അഗതിരഹിതമാക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍, കുടുംബശ്രീ മുഖേന കാര്‍ഷിക മേഖലയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍, പദ്ധതികള്‍ എന്നിവയും കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുന്നു.
ഗ്രാമ-ബ്ലോക്ക്-ജില്ലാ തലത്തില്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള പൊതുമരാമത്ത് ജോലിക ള്‍ ഏറ്റെടുക്കാന്‍ തയ്യാറുള്ള കുടുംബശ്രീ യൂനിറ്റുകളുടെ വിവരം, സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിന്റെ ഭാഗമായി ശുചിത്വം, മാലിന്യ നിര്‍മാര്‍ജനം, കുടിവെള്ളം എന്നീ മേഖലകളില്‍ സിഡിഎസുകള്‍ മുഖേന നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നൂതന പദ്ധതികള്‍ എന്നിവയും വിശദീകരിക്കുന്നുണ്ട്. ഭക്ഷ്യസ്വാശ്രയത്വം നേടുന്നതിനുള്ള കാര്‍ഷികപദ്ധതികള്‍, ബാലസഭാ കുട്ടികള്‍ക്കായി മാതൃകാ പദ്ധതികളെ സംബന്ധിച്ച വിവരങ്ങള്‍ എന്നിവയും സിഡിഎസ് സമര്‍പ്പിക്കുന്ന വാര്‍ഷിക കര്‍മപദ്ധതി രേഖയില്‍ ഉള്‍പ്പെടും.
തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുള്ള പത്തുശതമാനം വനിതാഘടക പദ്ധതിയിലൂടെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഫലപ്രദമായി പരിഹരിക്കുന്നതിനു സാധിക്കും. കൂടാതെ കൂടുതല്‍ സ്ത്രീകളെ തൊഴിലിടങ്ങളില്‍ എത്തിക്കുന്നതിനും തൊഴില്‍ നൈപുണി ഉണ്ടാക്കുന്നതിനുമുള്ള പദ്ധതികളും കുടുംബശ്രീ ആവിഷ്‌കരിക്കുന്നുണ്ട്.
വാര്‍ഷിക കര്‍മപദ്ധതിരേഖ സമര്‍പ്പിക്കുന്നതിനു മുമ്പായി എല്ലാ സിഡിഎസുകളിലും കുടുംബശ്രീ സംസ്ഥാന- ജില്ലാ മിഷന്‍ അധികൃതരുടെ നേതൃത്വത്തില്‍ ദ്വിദിന ശില്‍പശാല സംഘടിപ്പിച്ചു.
Next Story

RELATED STORIES

Share it