kozhikode local

കുടിവെള്ളമില്ല; കരിയാത്തന്‍ കല്ലിങ്കല്‍ കോളനിവാസികള്‍ പ്രക്ഷോഭത്തിലേക്ക്‌

കൊടുവള്ളി: മുനിസിപ്പാലിറ്റിയിലെ ഒന്നാം ഡിവിഷനില്‍ (പനക്കോട്) കരിയാത്തന്‍ കല്ലിങ്കല്‍ കോളനിവാസികള്‍ കുടിവെള്ളത്തിനായി പ്രക്ഷോഭത്തിനൊരുങ്ങുന്നു. കുടിവെള്ള പദ്ധതിയുടെ പ്രവൃത്തികള്‍ക്ക് തുടക്കംകുറിച്ചിട്ട് 16 വര്‍ഷമായിട്ടും ഇവര്‍ക്കു വെള്ളം ലഭിച്ചിട്ടില്ല. മഴക്കാലത്തും വേനല്‍കാലത്തും കുടിവെള്ളത്തിനായി കഷ്ടപ്പെടുന്ന ഇവര്‍ വേനല്‍ കാലത്ത് ദീര്‍ഘദൂരം തലയില്‍ ചുമന്ന് കൊണ്ടുവന്നും മഴക്കാലത്ത് മഴവെള്ളം സംഭരിച്ചുമാണ് ആവശ്യങ്ങള്‍ നിറവേറ്റി വരുന്നത്. കുടിവെള്ളപദ്ധതി ആരംഭിക്കാന്‍ 2000ത്തിലാണ് കൊടുവള്ളി ഗ്രാമപ്പഞ്ചായത്ത് തീരുമാനമെടുത്തത്. എന്നാല്‍ പണം പഞ്ചായത്ത് ഫണ്ടില്‍നിന്നും വകയിരുത്താന്‍ കഴിയാത്തതിനാല്‍ പദ്ധതി ബ്ലോക്ക് പഞ്ചായത്തിനു കൈമാറുകയായിരുന്നു. തുടര്‍ന്നു പദ്ധതി ആരംഭിക്കാനായി 10.70 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഇതു പ്രകാരം കോളനിക്കു മുകളില്‍ സൗജന്യമായി ലഭിച്ച സ്ഥലത്ത് ടാങ്ക് പണിതു. പദ്ധതിക്കുള്ള കിണര്‍ പൂനൂര്‍ പുഴയില്‍ കത്തറമ്മല്‍ കടവില്‍ നിര്‍മിക്കുകയും ചെയ്തു. എന്നാല്‍ കിണറില്‍ പാറ പ്രത്യക്ഷപ്പെട്ടതോടെ പ്രവൃത്തി പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് താമരശ്ശേരി പഞ്ചായത്തില്‍ പെട്ട ചെമ്പ്ര വയലില്‍ പണം കൊടുത്ത് വാങ്ങിയ സ്ഥലത്ത് കിണര്‍ കുഴിച്ചെങ്കിലും ഈ കിണറിന് പദ്ധതി വഴി പണം നല്‍കാനാവില്ലെന്ന് അറിയിച്ചതോടെ അനിശ്ചിതമായി തുടര്‍പ്രവൃത്തി നിലച്ചു. ശേഷം പദ്ധതി പ്രവൃത്തി പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനയോഗ്യമാക്കാന്‍ നടപടിയാവശ്യപ്പെട്ട് ഓംബുഡ്‌സ്മാനെ സമീപിക്കുകയുണ്ടായി. ഇതേ തുടര്‍ന്ന് പദ്ധതി പൂര്‍ത്തീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിയെ ഏല്‍പ്പിച്ചെങ്കിലും പദ്ധതി ഏറ്റെടുക്കാന്‍ വാട്ടര്‍ അതോറിറ്റിയും മടിച്ചതോടെ കരിയാത്തന്‍കല്ലിങ്കല്‍ കുടിവെള്ള പദ്ധതി എന്നന്നേക്കുമായി നിലച്ചുപോവുകയായിരുന്നു.പദ്ധതിക്കായി ഇറക്കിവെച്ച പിവിസി പൈപ്പുകള്‍, സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കാലപ്പഴക്കം വന്ന് നശിച്ചനിലയിലാണ്. പദ്ധതിക്കായി നിര്‍മിച്ച വാട്ടര്‍ടാങ്കും തകര്‍ച്ചാ ഭീഷണിയിലാണ്. വിദ്യാര്‍ഥികളും പ്രായമായവരും ഉള്‍പ്പെടുന്ന കോളനിവാസികള്‍ക്ക്, സാധാരണ വെള്ളം ലഭിക്കുന്ന വീടുകളില്‍ നിന്നും വരള്‍ച്ച കാരണം വെള്ളം ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. അലക്ക്, കുളി, എന്നിവക്ക് പൂനൂര്‍ പുഴയെ ആശ്രയിക്കുന്ന ഇവര്‍ക്ക് പുഴ വറ്റിവരണ്ടത് കാരണം ആ മാര്‍ഗ്ഗവും അടഞ്ഞിരിക്കയാണ്. കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്കുള്ള ഒരുക്കത്തിലാണ് കോളനിവാസികള്‍.
Next Story

RELATED STORIES

Share it