palakkad local

കുടിവെള്ളക്ഷാമം രൂക്ഷം; വേനലിന് മുമ്പേ ജില്ലയില്‍ പലയിടത്തും കിണറുകള്‍ വറ്റിത്തുടങ്ങി

സി കെ ശശി ചാത്തയില്‍

ആനക്കര: വേനല്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ജില്ലയില്‍ പലയിടത്തും കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. കിഴക്കന്‍ മേഖലയില്‍ പലയിടത്തും കിണറുകള്‍ വറ്റിതുടങ്ങി. പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെ മേഖലയിലും അനുബന്ധ സ്ഥലങ്ങളിലെയും കിണറുകളിലാണ് വെളളം വറ്റിതുടങ്ങിയത്.
സാധാരണ മാര്‍ച്ച് മാസത്തിലാണ് കിണറുകളിലെ വെളളം വറ്റി തുടങ്ങാറെങ്കില്‍ ഇത്തവണ ജനുവരി ആദ്യവാരത്തില്‍തന്നെ കിണറുകളിലെ വെളളം വറ്റിതുടങ്ങിയതോടെ കിണറുകള്‍ ആഴംകൂട്ടല്‍, പുതിയ കിണര്‍ നിര്‍മാണങ്ങള്‍ എന്നിവ ആരംഭിച്ചു കഴിഞ്ഞു. ജില്ലയുടെ പടിഞ്ഞാറന്‍മേഖയിലെ പറക്കുളം കുന്നില്‍ ഇത്തരത്തില്‍ കിണര്‍ നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു. ഈ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഇവിടെ കിണറുകള്‍ കുറവാണ്. പൈപ്പ് വെള്ളമാണ് കൂടുതല്‍പേരും ആശ്രയിക്കുന്നത്. ഉയര്‍ന്ന പ്രദേശമായതിനാല്‍ കിണറുകളിലെ വെളളം നേരത്തെ വറ്റുകയാണ് പതിവ്. പുഴയില്‍ നിന്നെത്തുന്ന പൈപ്പ് വെള്ളം കൃത്യമായി ലഭിക്കാത്തതിനാലാണ് പലരും കിണറുകള്‍ നിര്‍മിക്കാന്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ പറക്കുളം കുന്നില്‍ കുഴിച്ച കിണറില്‍ 15 കോലില്‍ വെള്ളം കണ്ടുകഴിഞ്ഞു. കുന്നിന്റെ പ്രദേശത്തെ പലയിടത്തും കിണറുകള്‍ കുഴിച്ചിട്ടുണ്ടെങ്കിലും വെള്ളം ലഭിക്കാത്തതിനാല്‍ ഉപേക്ഷിച്ചിരിക്കുകയായിരുന്നു.
പറക്കുളം മേഖലയുള്‍പ്പെടെയുളള പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ വര്‍ഷം തൊഴിലുറപ്പ് പദ്ധതിപ്രകാരം തൃത്താല ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പഞ്ചായത്തുകളില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ കുഴിച്ചത് നൂറ് കണക്കിന് കിണറുകളാണ്. അതേസമയം തൃത്താല വെള്ളിയാങ്കല്ല് ഭാഗത്ത് റഗുലേറ്റര്‍ ഉള്ളതിനാല്‍ അതിനടുത്ത പ്രദേശങ്ങളില്‍ വെള്ളക്ഷാമം ഇപ്പോള്‍ കാര്യമായി അനുഭവപ്പെടുന്നില്ല.
Next Story

RELATED STORIES

Share it