malappuram local

കുടിവെള്ളം കിട്ടാനില്ല: ആദിവാസികള്‍ വലഞ്ഞു; സഹായഹസ്തവുമായി പോലിസ്

കാളികാവ്: നീരുറവകള്‍ വറ്റിത്തുടങ്ങിയതോടെ കുടിവെള്ളം കിട്ടാതെ പ്രയാസപ്പെടുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് കാളികാവ് പോലിസ് ആശ്വാസമാകുന്നു. ജലദിനത്തിന്റെ ഭാഗമായാണ് കാളികാവ് പോലിസ് സ്റ്റേഷന്‍ പരിധിയിലെ മൂന്ന് ആദിവാസി കോളനികളില്‍ പോലിസ് കുടിവെള്ളെമെത്തിച്ചത്. അനിവാര്യമായ സഹായങ്ങള്‍ നല്‍കി ആദിവാസികളുമായി ബന്ധം നന്നാക്കുക എന്ന ലക്ഷ്യത്തോടെയാണ് പോലിസ് നടപടി.
വെള്ളക്ഷാമം എന്തെന്നറിയാത്ത മലമുകളിലെ ആദിവാസി കുടുബങ്ങളാണ് ഈ വര്‍ഷം വരള്‍ച്ചയുടെ പിടിയിലായത്. ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ പല തരത്തിലുളള കുടിവെള്ള പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും ഒരു തുള്ളി വെള്ളം പോലും ലഭിക്കാത്ത അവസ്ഥയിലാണ്. നിലവിലെ സാഹചര്യം പരിഗണിച്ചാണ് ആദിവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പോലിസ് നേരിട്ടിറങ്ങിയിട്ടുള്ളത്. പോലിസ് വിഭാഗത്തിന്റെ സ്റ്റേറ്റ് പ്ലാന്‍ ഫണ്ടില്‍ നിന്നാണ് കുടിവെള്ള പദ്ധതികള്‍ക്ക് തുക അനുവദിച്ചിട്ടുള്ളത്. കാളികാവ് സ്റ്റേഷന്‍ പരിധിയിലെ മൂന്ന് കോളനികളില്‍ കൂടി വെള്ളമെത്തിക്കാന്‍ 50000/ രൂപയാണ് ചിലവഴിച്ചത്. കല്ലാമൂല ചികക്കല്ല് കോളനിയില്‍ പത്ത് ആദിവാസി കുടുംബങ്ങള്‍ക്ക് വെള്ളമെത്തിക്കാന്‍ കഴിഞ്ഞു. അടയ്ക്കാകുണ്ട് സ്‌കൂള്‍ കുന്നിലെ മൂന്ന് അറനാടന്‍ കുടുബങ്ങള്‍ക്ക് പോലിസിന്റെ കുടിവെള്ള പദ്ധതി അനുഗ്രഹമായി തീര്‍ന്നിട്ടുണ്ട്.
പുല്ലങ്കോട് എസ്റ്റേറ്റിനോട് ചേര്‍ന്നാണ് സ്‌കൂള്‍ കുന്നിലെ അറനാടന്‍ കുടുംബങ്ങള്‍ താമസിക്കുന്നത്. തോട്ടത്തിലെ ചോല വറ്റിയതിനാല്‍ ഇവര്‍ക്ക് വെള്ളം ലഭിക്കാന്‍ മറ്റൊരു മാര്‍ഗ്ഗവുമില്ലാതിരിക്കുമ്പോഴാണു സഹായവുമായി പോലിസെത്തുന്നത്. മൂന്നാമത്തെ കുടിവെള്ള പദ്ധതി ജില്ലയിലെ ഏറ്റവും വലിയ ആദിവാസി കോളനിയായ ചോക്കാട് നാല്‍പത് സെന്റ് കോളനിയിലാണു സ്ഥാപിച്ചിട്ടുള്ളത്.
ജലദിന സമ്മാനത്തില്‍ ആദിവാസി കുടുംബങ്ങള്‍ വളരെയധികം സന്തോഷത്തിലാണ്. മാവോവാദി ഭീഷണി നേരിടുന്ന പോലീസ്റ്റേഷന്‍ പരിധിയിലാണ് പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിന് പോലിസ് പ്രത്യേക ശ്രദ്ധ നല്‍യിട്ടുള്ളത്.
ആവശ്യമായ ഘട്ടങ്ങളില്‍ സഹായവുമായിട്ടെത്തി ആദിവാസികളുടെ മനസില്‍ നിന്നു ഭരണവിരുദ്ധ വികാരം നീക്കം ചെയ്യാനാണ് പ്രവര്‍ത്തിയിലൂടെ ലക്ഷ്യം വെക്കുന്നത്. മറ്റു സംഘടനകളെ ഏല്‍പ്പിച്ചാല്‍ പ്രവര്‍ത്തി പൂര്‍ത്തിയാക്കാത്തതുള്‍പ്പെടെയുള്ള പരാതികളെ തുടര്‍ന്നാണ് പദ്ധതി പോലിസ് നേരിട്ട് നടപ്പിലാക്കുന്നത്.
പെരിന്തല്‍മണ്ണ ഡിവൈഎസ്പി പി എ വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലാണ് പദ്ധതിക്കുള്ള തക അനുവദിച്ചത്. വണ്ടൂര്‍ സിഐ സാജു എബ്രാഹാം, കാളികാവ് എസ്‌ഐ കെഎ സാബു എന്നിവരാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിച്ചത്. ജലദിന സമ്മാനമായി കുടിവെള്ളം ലഭിച്ചതില്‍ ആദിവാസികള്‍ക്കും നല്‍കാന്‍ കഴിഞ്ഞതില്‍ പോലിസും സംതൃപ്തരാണ്.
Next Story

RELATED STORIES

Share it