kannur local

കുഞ്ഞാമിന വധം: കര്‍ണാടകയില്‍ പോയ അന്വേഷണസംഘം വെറുംകൈയോടെ മടങ്ങി

ഇരിക്കൂര്‍: സിദ്ദിഖ് നഗറിലെ റൂബിനാസില്‍ മെരടന്‍ കുഞ്ഞാമിനയുടെ മരണ കാരണം കവര്‍ച്ചയ്ക്കിടെ കരളിനേറ്റ കുത്താണെന്ന് പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട്. 19 കുത്താണ് ശരീരത്തിലേറ്റത്. കഴുത്തിലും വയറ്റിലും നെഞ്ചിലുമാണ് കുത്തുകളുണ്ടായിരുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പോലിസിനു കൈമാറി.അതിനിടെ, പ്രതികളെന്ന് സംശയിക്കുന്നവരുടെ ഫോട്ടോ പോലിസിനു ലഭിച്ചു. ഇരിക്കൂര്‍ ടൗണിലെ ഒരു സൂപര്‍ മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോള്‍ സിസിടിവി കാമറയില്‍ പതിഞ്ഞ ഫോട്ടോയാണ് പോലിസിന് ലഭിച്ചത്.
അതേ സമയം, പ്രതികള്‍ നേരത്തെ ഉപയോഗിച്ച സിം കാര്‍ഡിലെ വിവരങ്ങള്‍ തേടി കൊലപാതകികളെ അന്വേഷിച്ച് പോലിസ് സംഘം ഗുണ്ടല്‍പേട്ടയിലെത്തിയെങ്കിലും യാതൊരു തുമ്പും കിട്ടാതെ മടങ്ങി. ഇതോടെ അന്വേഷണം വഴി മുട്ടിയ നിലയിലാണ്. കൊലപാതക സംഘം ഉപയോഗിച്ച സിം കാര്‍ഡുകളെല്ലാം വ്യാജമാണെന്നും വ്യക്തമായിട്ടുണ്ട്. അന്വേഷണം വഴിമുട്ടിയതോടെ ഇരിട്ടി ഡിവൈഎസ്പി കെ സുദര്‍ശന്റെ നേതൃത്വത്തില്‍ കേസന്വേഷണം കുറെക്കൂടി ശാസ്ത്രീയമാക്കാനുള്ള നീക്കത്തിലാണ് പോലിസ്. കേസന്വേഷണത്തിന് പ്രത്യേകസംഘത്തെ തയ്യാറാക്കാനും ആലോചനയുണ്ട്.
അക്രമി സംഘം ഇരിക്കൂറിലോ പരിസരങ്ങളിലോ 50ലക്ഷം രൂപക്ക് കിട്ടാവുന്ന വീടിനെ കുറിച്ച് അന്വേഷിച്ചതായും ഇരിക്കൂറിലെ ഒരു പ്രധാന ഡോക്ടറുമായി പ്രതികള്‍ ബന്ധപ്പെട്ടതായും പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തിലെ മൂവരും നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നവരാണ്. പ്രതികള്‍ ഒരിടത്തും സ്ഥിരമായി താമസിക്കാത്തവരാണെന്നും പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകം നടന്ന സമയത്ത് കുഞ്ഞാമിനയുടെ കൈയില്‍ നിന്നും പൊട്ടിച്ചെടുത്ത് മുക്കു പണ്ടമെന്ന് തോന്നി മുറിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ട വളകള്‍ സ്വര്‍ണം തന്നെയാണെന്ന് പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊലപാതകം നടന്ന് അഞ്ചുദിവസം കഴിഞ്ഞിട്ടും പ്രതികളെ കുറിച്ചോ ലക്ഷ്യത്തെക്കുറിച്ചോ പോലിസിന് വ്യക്തമായ ഒരു തെളിവുകളും ലഭിച്ചില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.
Next Story

RELATED STORIES

Share it