thiruvananthapuram local

കിണറ്റിലകപ്പെട്ട ബധിരനും മൂകനുമായ ഗൃഹനാഥനെ പാമ്പ് ചുറ്റി; ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി

വെഞ്ഞാറമൂട്: കിണറ്റിലകപ്പെട്ട ബധിരനും മൂകനുമായ ഗൃഹനാഥനെ പാമ്പും കൂടി ചുറ്റി. ഫയര്‍ഫോഴ്‌സ് എത്തി അതി സാഹസികമായി രക്ഷപ്പെടുത്തി. മുദാക്കല്‍ പുതുക്കോണത്ത് വീട്ടില്‍ മനോഹരമാണ് കിണറ്റിനുള്ളില്‍ കുടുങ്ങിയതും, ദേഹത്ത് ചുറ്റിവരിഞ്ഞ പാമ്പുമായി ഭയന്നു നിലവിളിക്കാന്‍ പോലുമാവാതെ ഒരു മണിക്കൂറോളം കിണറ്റില്‍ അകപ്പെട്ടതും. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം. കിണര്‍ വൃത്തിയാക്കാനിറങ്ങിയതായിരുന്നു ഇയാള്‍. ഉള്ളിലെത്തിയപ്പോഴാണ് വായു സഞ്ചാരം കുറവായതിന്റെ ബുദ്ധിമുട്ട് അനുഭവപ്പെട്ടത്.
എന്നാല്‍ തൊടികളില്ലാത്ത 100 അടിയിലേറെ താഴ്ചയുള്ള കിണറ്റില്‍ നിന്നും എളുപ്പത്തില്‍ പുറത്ത് കടക്കാനോ കരയിലുള്ള വരെ വിവരമറിയിക്കാനോ കഴിയാതെ വിഷമിച്ചു നില്‍ക്കുന്നതിനിടെ കിണറ്റില്‍ തന്നെയുണ്ടായിരുന്ന പാമ്പ് ഇയാളുടെ കാലില്‍ ചുറ്റിയത്. എന്നാല്‍ കരയിലുണ്ടായിരുന്നവര്‍ ഇക്കാര്യം അറിഞ്ഞതുമില്ല. കിണറ്റിലിറങ്ങിയയാള്‍ ഒരു മണിക്കൂറായിട്ടും കരയ്ക്ക് കയറാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചു. തുടര്‍ന്ന് വെഞ്ഞാറമൂട്ടില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂനിറ്റെത്തുകയും സേനാംഗമായ അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ അനില്‍കുമാര്‍ കിണറ്റിലിറങ്ങുകയും ചെയ്തു. ഇതോടെയാണ് കിണറ്റിനുള്ളിലെ വായു സഞ്ചാരക്കുറവും മനോഹരനെ പാമ്പു ചുറ്റിയിരിക്കുന്നതായി കണ്ടെത്തിയതും. തുടര്‍ന്ന് മനോഹരന്‍ നായരെ വലയില്‍ കയറ്റി അതേ വലയിലൂടെ തന്നെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനും പുറത്തു കടന്നു.
ഇതിനോടകം മനോഹരനെ വരിഞ്ഞു ചുറ്റിയ പാമ്പ് പിടിവിട്ട് വലയില്‍ കുരുങ്ങുകയും പുറത്തെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മനോഹരന്‍ നായരെയും പാമ്പിനെയും പിടികൂടി ആശുപത്രിയിലെത്തിച്ചു. അഞ്ചടിയിലേറെ നീളമുള്ള വിഷമുള്ള പാമ്പിനെയായിരുന്നു പിടികൂടിയത്. പ്രഥമപരിശോധനയില്‍ മനോഹരന്‍ നായര്‍ക്ക് പാമ്പ് കടിയേറ്റിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പാമ്പിനെ പിടികൂടിയ വിവരം വനം വകുപ്പിനെയും അറിയിച്ചു.
ലീഡിങ് ഫയര്‍മാന്‍ അനില്‍കുമാര്‍, സേനാംഗങ്ങളായ അനില്‍രാജു, മുഹമ്മദ് ഷാഫി, സുനില്‍, സനല്‍കുമാര്‍, ദേവസ്യ, ഗോപാലകൃഷ്ണന്‍ നായര്‍ എന്നിവരടങ്ങിയ സംഘമാണ് മനോഹരന്റെ രക്ഷകരായത്. അതി സാഹസികമായി ഒരാളുടെ ജീവന്‍ രക്ഷിച്ച ഫയര്‍ഫോഴ്‌സ് അംഗങ്ങളെ നാട്ടുകാര്‍ മുക്തകണ്ഠം പ്രശംസിച്ചു.
Next Story

RELATED STORIES

Share it