palakkad local

കാര്‍തുമ്പി 10ാം വാര്‍ഷികാഘോഷവും നിയമസാക്ഷരതാ സദസ്സും

അഗളി: ആദിവാസി മേഖലയിലെ കുട്ടികളുടെ സാംസ്‌കാരിക കൂട്ടായ്മയായ കാര്‍തുമ്പിയുടെ പത്താം വാര്‍ഷികാഘോഷവും രണ്ടു ദിവസം നീണ്ടുനിന്ന നിയമസാക്ഷരതാ സദസ്സും അഹാഡ്‌സ് അങ്കണത്തില്‍ നടന്നു. അഗളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍ വാര്‍ഷികാഘോഷവും നിയമ ബോധവല്‍ക്കരണ ക്യാംപും ഉദ്ഘാടനം ചെയ്തു. '
തമ്പ്' പ്രസിഡന്റ് രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. കുട്ടികളുടെ സമഗ്രമായ വളര്‍ച്ചയ്ക്ക് വിദ്യാഭ്യാസത്തിനൊപ്പം ഇത്തരം സാംസ്‌ക്കാരിക സദസ്സുകള്‍ക്ക് വളരെയേറെ സംഭാവന ചെയ്യുവാനാവും കുട്ടികളുടെ സാംസ്‌ക്കാരിക സദസ്സുകളെ പഞ്ചായത്തു—തലത്തില്‍ പ്രോല്‍സാഹിപ്പിക്കുവാന്‍ ആവശ്യമായ നടപടി കൈക്കൊള്ളും. അട്ടപ്പാടി മേഖലയില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടൂ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അനുമോദിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. ആദിവാസി കൂട്ടായ്മയായ തമ്പും, ഹ്യൂമന്‍ റൈറ്റ്‌സ് ലോ നെറ്റ്‌വര്‍ക്കും (എച്ച് ആര്‍ എല്‍എന്‍) സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ ആദിവാസി ഊരുകളില്‍ നിന്നായി 50-ഓളം കാര്‍തുമ്പി ലീഡര്‍മാര്‍ പങ്കെടുത്തു. ബാലനീതി നിയമം, പോസ്‌കോ നിയമം എന്നിവയെ സംബന്ധിച്ച് ഗോപിക ഗോവിന്ദന്‍, അഡ്വ. ഇന്ദുജ എന്നിവര്‍ ക്ലാസ്സെടുത്തു. എം.ജി യൂനിവേഴ്‌സിറ്റി അസി. പ്രഫസര്‍ മഞ്ജുഷ, ഹൈക്കോടതി അഭിഭാഷകയും ഹ്യൂമന്‍ റൈറ്റ്‌സ് ലോ നെറ്റ്‌വര്‍ക്ക് ഡയറക്ടറുമായ അഡ്വ. സന്ധ്യ രാജു, വി എം ശശി, സുനില്‍ ആലപ്പുഴ, ആദിവാസി മേഖലയിലെ ആദ്യ എന്‍ജിനീയര്‍ മുരുകന്‍ കുട്ടികളുമായി സംവദിച്ചു.
അട്ടപ്പാടി മേഖലയില്‍ നിന്നും എസ്എസ്എല്‍സിക്ക് ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ കുട്ടികളെ പുസ്തക കിഴിയും ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും കൊടുത്ത് അനുമോദിച്ചു. കുട്ടികള്‍ രചനയും സംവിധാനവും നടത്തിയ മൂന്ന് നാടകങ്ങള്‍ ക്യാമ്പില്‍ അവതരിപ്പിച്ചു. വിവിധ ഊരുകളില്‍ ആഴ്ചതോറും നടക്കുന്ന കാര്‍തുമ്പി കൂട്ടായ്മയുടെ വാര്‍ഷിക സംഗമമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അഹാഡ്‌സില്‍ നടന്ന സാംസ്‌ക്കാരിക സദസ്.'
തമ്പ്' കണ്‍വീനര്‍ കെ എ രാമു, കാര്‍തുമ്പി രക്ഷാധികാരി ലക്ഷ്മി ഉണ്ണികൃഷ്ണന്‍, ആര്‍ പൊന്മണി, കാര്‍തുമ്പി സെക്രട്ടറി റോജ, പ്രസിഡന്റ് മനു, കെ മരുതി, കെ എന്‍ രമേഷ്, മരുതന്‍, പി കെ മുരുകന്‍ എന്നിവര്‍ ക്യാംപിനും വാര്‍ഷികാഘോഷങ്ങള്‍ക്കും നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it