Idukki local

കാഞ്ഞാറില്‍ പിടിയിലായത് കാറില്‍ കറങ്ങി മോഷണം നടത്തുന്ന സംഘം 

തൊടുപുഴ: കാഞ്ഞാര്‍ പോലിസിന്റെ പിടിയിലായത് കാറില്‍ കറങ്ങി നടന്ന് മോഷണം നടത്തുന്ന സംഘത്തിലെ പ്രമുഖര്‍. കോഴിക്കോട് സ്വദേശികളായ നൗഷീര്‍(26),രാഹുല്‍(20),മുഹമ്മദ് നിസാര്‍(24) എന്നിവരാണ് കഴിഞ്ഞ ദിവസം പോലിസ് പിടിയിലായത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിസാര്‍ 16 പിടിച്ചുപറികേസുകളിലും രാഹുല്‍ വാഹന മോഷണം,വീട് കുത്തിതുറന്ന് മോഷണം എന്നീ കേസുകളിലും പ്രതികളാണ്.
ഈ സംഘവുമായി ബന്ധപ്പെട്ട മറ്റുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യും.പ്രതി നൗഷിര്‍ കൊടുവള്ളിയില്‍ മോഷ്ടിച്ചു വിറ്റ സ്വര്‍ണം കണ്ടെടുത്തിട്ടുണ്ട്. വിവിധ ഇനം വാഹനങ്ങള്‍ വാടകയ്ക്ക് എടുത്താണ് സംഘം ജില്ലകളിലെത്തി മോഷണം നടത്തുന്നത്. മിക്ക സ്ഥലങ്ങളിലും ആളുകള്‍ രാവിലെയും മറ്റും പുറത്തു പോവുന്ന സമയം കണക്കുകൂട്ടി മോഷണ പദ്ധതി തയ്യാറാക്കും.മോഷണം നടത്തി അടുത്ത ജില്ലയിലേക്ക് രക്ഷപ്പെടും.വന്‍കിട ഹോട്ടലുകളില്‍ താമസിച്ച് ആഢംബര ജീവിതം നയിക്കാനാണ് മോഷണം നടത്തുന്നത്.
പണം തീരുമ്പോള്‍ വീണ്ടും മോഷണത്തിനായി ഇറങ്ങും.വിവിധ ജില്ലകളില്‍ ഇവര്‍ക്ക് ഭാര്യമാരുമുണ്ടെന്ന് പോലിസ് പറഞ്ഞു. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയവെ പരിചയപ്പെട്ടവരാണ് സംഘാംഗങ്ങള്‍. കഴിഞ്ഞ ഞായറാഴ്ച തുടങ്ങനാട് വിച്ചാട്ട് കവല പനച്ചിനാനിക്കല്‍ ടോമി ജയിംസിന്റെ വീട്ടില്‍ നിന്നും 9 പവന്‍ സ്വര്‍ണവും,10000 രുപയുമായിരുന്നു ഇവര്‍ മോഷ്ടിച്ചത്.വീട്ടുകാര്‍ പള്ളിയില്‍ പോയ ആറേകാലിനും ഏഴേകാലിനും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്.മോഷണം നടന്ന സമയത്ത് വീടിനു സമീപം ഒരു ആള്‍ട്ടോ കാര്‍ പാര്‍ക്ക് ചെയ്തിരുന്നത് നാട്ടുകാരില്‍ ചിലര്‍ ശ്രദ്ധിച്ചിരുന്നു.ഈ കാറിന്റെ നമ്പരാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.
ഈ വാഹനത്തിന്റെ നമ്പര്‍ നാട്ടുകാരിലൊരാള്‍ ശ്രദ്ധിച്ചു.ഇയാളാണ് തൊടുപുഴ ഷാഡോ പോലിസിനു വിവരം നല്‍കിയത്.കേരളത്തിലെ ആള്‍ട്ടോ കാറുകളുടെ ഈ അക്കത്തിലുള്ള നമ്പര്‍ പരിശോധിച്ചതാണ് പ്രതികളെ കുടുക്കാന്‍ സഹായകമായത്.
ജില്ല പോലിസ് മേധാവി കെ വി ജോസഫിന്റെ നിര്‍ദേശ പ്രകാരം തൊടുപുഴ ഡിവൈഎസ്പിയുടെ ഷാഡോ പോലിസ്,കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പയസ് ജോര്‍ജ്,എസ്‌ഐ മാരായ ബിജു കെ ആര്‍,സന്തോഷ്‌കുമാര്‍,സാമുവല്‍ ജോസഫ്,വി എസ് സുനില്‍,ടി കെ സുകു,ഇടുക്കി സൈബര്‍ സെല്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.
Next Story

RELATED STORIES

Share it