കള്ളപ്പണം സമയപരിധി ലംഘിച്ചാല്‍ ഇരട്ടി നികുതിയും പിഴയും

ന്യൂഡല്‍ഹി: രാജ്യത്തിനകത്ത് സൂക്ഷിച്ച കള്ളപ്പണത്തിന്റെ കണക്ക് നിശ്ചിത സമയത്തിനകം വെളിപ്പെടുത്താത്തവര്‍ ഇരട്ടി നികുതിയും പിഴയും അടക്കേണ്ടിവരും. കൂടാതെ 7 വര്‍ഷത്തെ തടവും അനുഭവിക്കേണ്ടിവരും. റവന്യൂ സെക്രട്ടറി ഹസ്മുഖ് ആധിയ പിടിഐക്കനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ജൂണ്‍ ഒന്നുമുതല്‍ സപ്തംബര്‍ 30 വരെയുള്ള നാലു മാസത്തിനകം കള്ളപ്പണം വെളിപ്പെടുത്താനുള്ള അവസരമാണ് ബജറ്റില്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയത്. സ്വമേധയാ കള്ളപ്പണത്തിന്റെ വിവരം വെളിപ്പെടുത്തുന്നവര്‍ 30 ശതമാനം നികുതിയും 15 ശതമാനം പിഴയും അടച്ചാല്‍ മതി. എന്നാല്‍, കള്ളപ്പണം നാലുമാസത്തിനകം പരസ്യപ്പെടുത്തിയില്ലെങ്കില്‍ അവര്‍ 60 ശതമാനം നികുതിയും 30 ശതമാനം പിഴയും അടക്കേണ്ടിവരും. നിശ്ചിത സമയത്തിനകം വെളിപ്പെടുത്തിയാല്‍ നികുതിയും പിഴയുമടക്കം 45 ശതമാനം അടച്ചാല്‍ മതി. കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തെ സര്‍ക്കാര്‍ നടപടിമൂലം 20,000 കോടി രൂപയുടെ ആഭ്യന്തര കള്ളപ്പണം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. കള്ളപ്പണം സൂക്ഷിച്ച ആരെയെങ്കിലുംകുറിച്ച് നികുതി വകുപ്പിന് അറിവുണ്ടെങ്കില്‍ അയാളെ നിശ്ചിത സമയപരിധി എന്ന ആനുകൂല്യത്തില്‍ നിന്ന് ഒഴിവാക്കുമെന്ന് ആധിയ പറഞ്ഞു.
നിശ്ചിത കാലയളവ് സംബന്ധിച്ച ചട്ടങ്ങള്‍ ജനങ്ങളെ മനസ്സിലാക്കുന്നതിന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ചോദ്യാവലി പുറത്തിറക്കും. 2015ലും ഇത്തരം സമയപരിധി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.നിശ്ചിത പരിധിക്കപ്പുറമുള്ള ഇടപാടുകള്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് ജനങ്ങളുടെ വരുമാനം നിയമാനുസൃതമാക്കാന്‍ വഴിയൊരുക്കുമെന്നും ആധിയ പറഞ്ഞു.
Next Story

RELATED STORIES

Share it