thiruvananthapuram local

കല വിടര്‍ന്നു

നെയ്യാറ്റിന്‍കര: നൃത്ത സംഗീത രചനാ വൈഭവങ്ങളുടെ കേളിക്കൊട്ടുമായി നെയ്യാറിന്‍തീരമുണര്‍ന്നു.
ജില്ലയുടെ കലാകൗമാരതാരങ്ങളുടെ സര്‍ഗവാസനകള്‍ ഇനിയുള്ള മൂന്നു പകലിരവുകളില്‍ യുദ്ധമുഖത്ത് ഏറ്റുമുട്ടും. വാദ്യമേളങ്ങളുടേയും ഒപ്പനയുടേയും നൃത്തവിസ്മയങ്ങളുടേയും അകമ്പടിയോടെ നടന്ന സാംസ്‌കാരിക ഘോഷയാത്രയോടെ തിരുവനന്തപുരം റവന്യൂ ജില്ലാ കലോല്‍സവത്തിന് തിരശ്ശീല ഉയര്‍ന്നു.
പ്രധാന വേദിയായ നെയ്യാറ്റിന്‍കര ബോയ്‌സ് എച്ച്എസ്എസ്സില്‍ രാവിലെ 8.30 ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി വിക്രമന്‍ പതാക ഉയര്‍ത്തിയതോടെയാണ് മല്‍സരങ്ങള്‍ക്ക് തുടക്കമായത്.
തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 3.30 ഓടെ വിദ്യാര്‍ഥികളുടെ വര്‍ണശബളമായ ഘോഷയാത്ര എസ്എന്‍ ജങ്ഷനില്‍ നിന്നാരംഭിച്ച് പ്രധാന വേദയിലെത്തിച്ചേര്‍ന്നു. വിവിധയിനം കേരളീയ കലാരൂപങ്ങളും താലപ്പൊലി, ബാന്റ്‌മേളം, ഒപ്പന, കോല്‍ക്കളി എന്നിവയും ഘോഷയാത്രയ്ക്ക് പകിട്ടേകി. 12 വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നായി രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ ഘോഷയാത്രയില്‍ അണിനിരന്നു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍പേഴസണ്‍ ഡബ്ല്യൂ ആര്‍ ഹീബ അധ്യക്ഷത വഹിച്ചു.
പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പുന്നയ്ക്കാട് സജു, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ എന്‍ കെ അനിതകുമാരി, കൗണ്‍സിലര്‍ ആര്‍ അനിത, വി കൗണ്‍സിലര്‍ ഹരികുമാര്‍, വിഎച്ച്എസ്ഇ റീജിയനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ് സത്യന്‍, ജില്ലാ എസ് എസ്എ പ്രോജക്ട് ഓഫിസര്‍ എം രാജേഷ്, നെയ്യാറ്റിന്‍കര ഡിഇഒ പി ചാമിയാര്‍, ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപല്‍ ജോയ് ജോണ്‍സ്, ഗവ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി ടി ശശികല, സെന്റ് തെരേസസ് കോണ്‍വെന്റ് ജിഎച്ച്എസ്എസ് പ്രിന്‍സിപല്‍ സിസ്റ്റര്‍ മേരി ആലിസ്, ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് പി മധുകുമാരന്‍ നായര്‍, ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ കുമാരി നീനാ ജോയ്, സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍, നെയ്യാറ്റിന്‍കര നഗരസഭ കൗണ്‍സിലര്‍ ഗ്രാമം പ്രവീണ്‍ പങ്കെടുത്തു.
പൊതുസമ്മേളന ശേഷം എച്ച്എസ് വിഭാഗം തിരുവാതിര, എച്ച്എസ്, എച്ച്എസ്എസ് വിഭാഗം വൃന്ദവാദ്യം, എച്ച്എസ് വിഭാഗം കേരളനടനം, യൂപി, എച്ച്എസ്, എച്ച്എസ്എസ് പ്രസംഗം (ഹിന്ദി), യൂപി വിഭാഗം ഭരതനാട്യം, എച്ച്എസ്, എച്ച്എസ്എസ് വിഭാഗം നാടന്‍പാട്ട്, എച്ച്എസ്, എച്ച്എസ്എസ് വിഭാഗം കഥകളി സംഗീതം, യൂപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗം സംഘഗാനം (ഉറുദു), എച്ച്എസ്എസ് വിഭാഗം ക്ലാരനറ്റ്, ബ്യൂഗിള്‍, യൂപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗം പ്രസംഗം(ഇംഗ്ലീഷ്), എച്ച്എസ്, എച്ച്എസ്എസ് വിഭാഗം കഥകളി, യൂപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗം മാപ്പിളപ്പാട്ട് എന്നീ മല്‍സരങ്ങള്‍ നടന്നു. 12 ഉപജില്ലകളില്‍ നിന്നായി 5845 പ്രതിഭകളാണ് മേളയില്‍ മാറ്റുരയ്ക്കുന്നത്.
രണ്ടാംദിനമായ ഇന്ന് ഗ്ലാമര്‍ ഇനങ്ങളായ ഒപ്പനയും വട്ടപ്പാട്ടും മോഹിനിയാട്ടവും തിരുവാതിരയും നാടോടിനൃത്തവും വിവിധ വേദികളില്‍ അരങ്ങേറും.
Next Story

RELATED STORIES

Share it