Kollam Local

കല്ലടയാറ്റിലെ കമുകുംചേരി പ്രദേശത്ത് വ്യാപകമായ തോതില്‍ തോട്ടയിടീല്‍

പത്തനാപുരം: കല്ലടയാറ്റിലെ കമുകുംചേരി പ്രദേശത്ത് വ്യാപകമായ തോതില്‍ തോട്ട പൊട്ടിച്ച് മീന്‍പിടുത്തം. മറ്റം ക്ഷേത്രക്കടവിന് സമീപം, കൊറ്റിലാം പാട്ട്കടവ്, മഠത്തില്‍ക്കടവ്, കൊച്ചുവീട്ടില്‍കടവ് എന്നിവിടങ്ങളിലാണ് വ്യാപകമായ തോതില്‍ തോട്ടയിടുന്നത്. രാത്രിസമയങ്ങളിലാണ് ഇപ്പോള്‍ തോട്ടയിടുന്നത്. ഇതുമൂലം മീനുകളെ പൂര്‍ണമായും ഇവര്‍ക്ക് പിടിക്കുവാന്‍ കഴിയുന്നില്ല. ആറ്റില്‍ ജലനിരപ്പ് കുറവായതിനാല്‍ മീനുകള്‍ ചത്ത് ജലം മലിനമായി കിടക്കുകയാണ്. കൂടാതെ വലകെട്ടി മീന്‍പിടിക്കുന്നവര്‍ അമോണിയം ലായനി, തുരിശ്, ബ്ലീച്ചിങ് പൗഡര്‍ ഇവ വ്യാപകമായി ആറ്റില്‍ നിക്ഷേപിക്കുന്നതുമൂലം പ്രാണരക്ഷാര്‍ഥം ഒാടുന്ന മീനുകള്‍ കൂടുതലായി വലയില്‍ കുടുങ്ങും. ഇത്തരം ലായനികളും വിഷപദാര്‍ഥങ്ങളും നീരൊഴുക്ക് കുറവായ ആറ്റില്‍ കലക്കുന്നതുമൂലം കുളിക്കുന്നവര്‍ക്ക് ശരീരത്തില്‍ ചൊറിച്ചിലും മറ്റും അനുഭവപ്പെടുന്നുണ്ട്. രാത്രിയില്‍ മീന്‍പിടിക്കാന്‍ വരുന്നവര്‍ മദ്യപിച്ചിട്ടാണ് വരുന്നത്. സമീപവാസികളോ, നാട്ടുകാരോ ഇവരോട് മീന്‍പിടിക്കരുതെന്ന് പറഞ്ഞാല്‍ ഭീഷണിപ്പെടുത്തുന്നതും പതിവായിട്ടുണ്ട്. കല്ലടയാറ്റിന്റെ തീരത്ത് മിക്ക പ്രദേശങ്ങളിലും മദ്യക്കച്ചവടം തകൃതിയായി നടക്കുന്നുണ്ട്. മദ്യക്കച്ചവടവും തോട്ടയിടീലും തകൃതിയായി നടക്കുന്നതിനാല്‍ രാത്രികാലങ്ങളില്‍ പത്തനാപുരം, കുന്നിക്കോട് പോലിസിന്റെ ശ്രദ്ധ ഈ ഭാഗങ്ങളിലുണ്ടാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it