കരിപ്പൂരില്‍ ബാറ്ററി സൂക്ഷിപ്പുകേന്ദ്രത്തില്‍ അഗ്നിബാധ

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ബാറ്ററി സൂക്ഷിപ്പുകേന്ദ്രത്തിലുണ്ടായ തീപ്പിടിത്തം പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയ്ക്ക് 1.45ന് ആഭ്യന്തര ടെര്‍മിനലിനു മുകളിലെ അതീവ സുരക്ഷാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററി സൂക്ഷിപ്പുകേന്ദ്രത്തിലാണ് തീ പടര്‍ന്നത്. വിമാനത്താവളത്തിലെ ഇലക്ട്രോണിക്‌സ് സംവിധാനങ്ങളുടെ ഉപകരണങ്ങള്‍ ഇതുവഴിയുള്ള ബാറ്ററി സപ്ലേയിലാണ് പ്രവര്‍ത്തിക്കുന്നത്.
ഒന്നര ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. ബാറ്ററി സൂക്ഷിപ്പുമുറിയിലെ ഒരു യൂനിറ്റിലുണ്ടായ തീ മറ്റു യൂനിറ്റിലേക്കു പടരുകയായിരുന്നു. തീയും പുകയും നിറഞ്ഞതോടെ വിമാനത്താവള അധികൃതരും ആധിയിലായി. ഉടന്‍ വിമാനത്താവളത്തിലെ അഗ്നിശമനസേനയെ വിവരമറിയിക്കുകയും ഇവര്‍ പെട്ടെന്ന് തീയണച്ചതിനാല്‍ മറ്റു മേഖലയിലേക്കു തീ പടര്‍ന്നില്ല. 10 ബാറ്ററി യൂനിറ്റുകള്‍ കത്തിനശിച്ചിട്ടുണ്ട്. തീപ്പിടിത്തം മൂലം വിമാനത്താവളത്തിലെ ചില ഉപകരണങ്ങളുടെ പ്രവര്‍ത്തനം തകരാറിലായി. അപകടസമയത്ത് വിമാനത്താവള റണ്‍വേ നവീകരണ പ്രവൃത്തികള്‍ക്കായി അടച്ചിട്ടിരുന്നതിനാല്‍ വിമാന സര്‍വീസുകളെ ബാധിച്ചില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തതിനു കാരണമെന്നറിയുന്നു.
വിമാനത്താവളത്തില്‍ വൈദ്യുത സര്‍ക്യൂട്ടുകളിലെ തകരാര്‍ മൂലം പ്രശ്‌നങ്ങള്‍ വര്‍ധിക്കുകയാണ്. മതിയായ അറ്റകുറ്റപ്പണികള്‍ നടത്താത്തതിലെ വീഴ്ചയാണ് അപകടത്തിനു കാരണമായതെന്ന് പറയുന്നു. ബാറ്ററി സൂക്ഷിപ്പുകേന്ദ്രത്തില്‍ കേടായ ബാറ്ററികള്‍ സൂക്ഷിക്കരുതെന്ന് നിര്‍ദേശമുണ്ടെങ്കിലും ഇവിടെ ഇത്തരത്തിലുള്ള ബാറ്ററികളുണ്ടായിരുന്നു.
Next Story

RELATED STORIES

Share it