wayanad local

കരാറുകാരന്റെ അനാസ്ഥ: പയ്യംപള്ളി-ഷാണമംഗലം റോഡില്‍ ദുരിതയാത്ര

മാനന്തവാടി: കരാറുകാരന്റെ അനാസ്ഥയെ തുടര്‍ന്ന് പയ്യംപള്ളി-ഷാണമംഗലം റോഡിലൂടെയുള്ള കാല്‍നടയാത്രയും ദുഷ്‌കരമായി. 2013ല്‍ പ്രവൃത്തി കരാര്‍ നല്‍കിയ റോഡില്‍ തിരഞ്ഞെടുപ്പിനു മുമ്പായി മണ്ണിട്ടതാണ് കാല്‍നടയാത്ര പോലും ദുഷ്‌കരമാക്കിയത്.
പ്രവൃത്തി തുടങ്ങിയെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു കരാറുകാരന്‍ ഇതിനു മുതിര്‍ന്നത്. നാട്ടുകാരുടെ നിരന്തര ആവശ്യം പരിഗണിച്ചായിരുന്നു പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.5 കിലോമീറ്റര്‍ റോഡിനായി 5.17 കോടി രൂപ അനുവദിച്ചത്. 2013ല്‍ എം ഐ ഷാനവാസ് എംപി ഉദ്ഘാടനം ചെയ്‌തെങ്കിലും തുടര്‍നടപടികളുണ്ടായില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി റോഡ് പ്രവൃത്തി വിശദീകരിച്ചുകൊണ്ട് ബോര്‍ഡ് സ്ഥാപിക്കുകയുണ്ടായി. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പാണ് കുറച്ച് കല്ലും മണ്ണും റോഡിലിറക്കിയത്. ഇതോടെ കാല്‍നടയാത്രയും മുടങ്ങി.
പാല്‍വെളിച്ചം നിവാസികള്‍ക്ക് വനപാത ഒഴിവാക്കി ബാവലി, ചേകാടി എന്നിവിടങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാന്‍ കഴിയുന്ന റോഡാണിത്. റോഡിനെ ആശ്രയിച്ച് 300ഓളം കുടുംബങ്ങളാണുള്ളത്. ഇതിലേറെയും ആദിവാസികള്‍. ബാവലി യുപി സ്‌കൂള്‍, പാല്‍വെളിച്ചം എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലേക്കുള്ള നിരവധി വിദ്യാര്‍ഥികളും റോഡിനെ ആശ്രയിക്കുന്നു.
നേരത്തെ ഗ്രാമപ്പഞ്ചായത്ത് റീടാര്‍ ചെയ്ത ഭാഗമൊഴിച്ചാല്‍ ശേഷിക്കുന്നതു കുണ്ടും കുഴിയുമാണ്. റൂട്ടിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നിര്‍ത്തി. ശോച്യാവസ്ഥ മൂലം ജീപ്പുകളും ഓട്ടോറിക്ഷകളും സര്‍വീസ് നടത്താന്‍ തയ്യാറല്ല. പിഎംജിഎസ്‌വൈ പദ്ധതിയിലുള്‍പ്പെടുത്തിയതിനാല്‍ ത്രിതല പഞ്ചായത്തുകള്‍ ഫണ്ടനുവദിക്കുന്നില്ല. കാലവര്‍ഷം ശക്തമാവുന്നതോടെ ഇതുവഴിയുള്ള ഗതാഗതം ഇനിയും ദുഷ്‌കരമാവും.
Next Story

RELATED STORIES

Share it