Kollam Local

കരയ്ക്കടിഞ്ഞ മണ്ണുമാന്തി കപ്പല്‍ കടലിലേക്ക് നീക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

കൊല്ലം: ശക്തമായ കാറ്റിനെ തുടര്‍ന്ന് തീരത്തടിഞ്ഞ മണ്ണുമാന്തിക്കപ്പല്‍ ഹന്‍സിതയെ കടലിലേക്ക് നീക്കുനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. ഇന്നലെ കപ്പല്‍ കടലിലേക്ക് അടുപ്പിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. അതേ സമയം കപ്പല്‍ മണ്ണില്‍ ഉറച്ചതിനാല്‍ കടലിലേക്ക് നീക്കാനുള്ള ശ്രമം അസാധ്യമാണെന്നും കപ്പലിന്റെ താഴ് ഭാഗത്തെ യന്ത്രങ്ങള്‍ വിശദമായി പരിശോധിച്ച ടഗ് ഉപയോഗിച്ച് വലിച്ച് നീക്കുമെന്നും പോര്‍ട്ട് ഓഫിസര്‍ പറഞ്ഞു. അതേ സമയം കപ്പല്‍ ഉടമസ്ഥര്‍ക്ക് തിരിതെ നല്‍കാനുള്‌ല നടപടികള്‍ പുരോഗമിക്കുയാണ്. കോടതി ഉത്തരവ് സംബന്ധിച്ച് നിയമോപദേശം തേടിയ ശേഷം ഉടന്‍ നടപടിയുണ്ടാവുമെന്നും ഓഫിസര്‍ അറിയിച്ചു.
തീരത്ത് നിന്ന് എഴുനൂറ് മീറ്റര്‍ അകലെ നങ്കൂരമിട്ടു കിടക്കുകയായിരുന്ന ഹന്‍സിത കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഉണ്ടായ ശക്തമായ കാറ്റില്‍പ്പെട്ടാണ് കാക്കത്തോപ്പ് തീരത്തടിഞ്ഞത്. വീണ്ടും കാറ്റിലും തിരയിലുംപെട്ട് തീരത്തോട് കൂടുതല്‍ അടുത്തിട്ടുണ്ട്. പോര്‍ട്ട് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഹന്‍സിതയുടെ ഉടമസ്ഥരായ മേഘ ഡ്രഡ്ജിങ് കമ്പിനിയുടെ ഉടമസ്ഥര്‍ കൊല്ലത്തെത്തിയിട്ടുണ്ട്. തീരത്ത് നിന്ന് ഹന്‍സിതയെ കടലിലേക്ക് നീക്കുന്നതിന് ബേപ്പൂര്‍ തുറമുഖത്ത് നിന്ന് ടഗും സ്ഥലത്തെത്തി.
കൊച്ചിയില്‍ ഡ്രഡ്ജിങ്ങിനിടെയാണ് ചൈനീസ് കപ്പലായ ഹന്‍സിതയ്ക്ക് തകരാറ് സംഭവിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ ഷിപ്പിങ് കമ്പനിയായ മേഘ ഷിപ്പിങ്‌സ് ഹന്‍സിതയെ ഏറ്റെടുത്ത് അറ്റകുറ്റപ്പണിക്കായി കൊല്ലം പോര്‍ട്ടില്‍ എത്തിക്കുകയായിരുന്നു. 2013 മാര്‍ച്ച് 26 നാണ് ഹന്‍സിത കൊല്ലം പോര്‍ട്ടില്‍ എത്തിയത്. 25 ദിവസം കൊണ്ട് പണി പൂര്‍ത്തിയാക്കി മടങ്ങുമെന്നായിരുന്നു കരാര്‍. അറ്റകുറ്റപ്പണി പൂര്‍ത്തിയായപ്പോള്‍ പോര്‍ട്ടില്‍ ആങ്കര്‍ ചെയ്തതിനുള്ള വാടക നല്‍കാന്‍ ഉടമകളുടെ കയ്യില്‍ പണമില്ലാതായി. ഇതോടെ ഹന്‍സിത കൊല്ലത്ത് കുടുങ്ങുകയായിരുന്നു. 40 ലക്ഷം രൂപയാണ് മേഘ ഡ്രഡ്ജിങ് കമ്പനി പോര്‍ട്ടിന് നല്‍കാനുള്ളത്. കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കമ്പനിക്ക് ഇളവ് ലഭിച്ചിട്ടുണ്ട്. കോടതി ഉത്തരവ് ഹാജരാക്കിയാലുടന്‍ ഹന്‍സിതയെ ഉടമകള്‍ക്ക് വിട്ടുനല്‍കും. രണ്ട് വര്‍ഷം മുമ്പ് ഹന്‍സിത കൊല്ലം പോര്‍ട്ടിലെത്തിയപ്പോള്‍ കൊല്ലത്തുകാര്‍ക്ക് വലിയ ആകാംഷയായിരുന്നു. പോര്‍ട്ടിലേക്ക് കൂറ്റന്‍ കപ്പലുകള്‍ വന്നതോടെ ഹന്‍സിതയോടുള്ള കൗതുകം പോയി. അപ്രതീക്ഷിതമായി കപ്പല്‍ തീരത്തടിഞ്ഞതോടെ നിരവധി പേരാണ് ഇത് കാണാന്‍ എത്തുന്നത്.
Next Story

RELATED STORIES

Share it