കന്നി ഡേ-നൈറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡ് 202നു പുറത്ത്

അഡ്‌ലെയ്ഡ്: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ പുതിയൊരു അധ്യായത്തിന് ഇന്നലെ തുടക്കമായി. ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് മല്‍സരം അഡ്‌ലെയ്ഡില്‍ ആരംഭിച്ചു. ആസ്‌ത്രേലിയക്കും ന്യൂസിലന്‍ഡിനുമാണ് ഈ ടെസ്റ്റില്‍ കളിക്കാന്‍ ഭാഗ്യം ലഭിച്ചത്. വെള്ള പന്തിനു പകരം പിങ്ക് നിറത്തിലുള്ള പന്ത് പരീക്ഷിച്ച ആദ്യ ടെസ്റ്റ് കൂടിയാണിത്. ടോസിനു ശേഷം ആദ്യം ബാറ്റ് ചെയ്ത കിവീസിന്റെ ഒന്നാമിന്നിങ്‌സ് 202 റണ്‍സില്‍ അവസാനിച്ചു.
മറുപടി ബാറ്റിങില്‍ കളി നിര്‍ത്തുമ്പോള്‍ ഓസീസ് രണ്ടു വിക്കറ്റിന് 54 റണ്‍സെന്ന നിലയിലാണ്. ജോ ബേണ്‍സും (14) ഡേവിഡ് വാര്‍ണറുമാണ് (1) പുറത്തായത്. ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനൊപ്പം (24*) ആദം വോഗ്‌സാണ് (9*) ക്രീസിലുള്ളത്. എട്ടു വിക്കറ്റ് ശേഷിക്കെ സന്ദര്‍ശകര്‍ക്കൊപ്പമെത്താന്‍ ഓസീസിന് 148 റണ്‍സ് കൂടി വേണം. ഡേ നൈറ്റ് ടെസ്റ്റിലെ ആദ്യ അര്‍ധസെഞ്ച്വറി കിവീസ് താരം ടോം ലാതം (50) സ്വന്തം പേരില്‍ കുറിച്ചപ്പോള്‍ പിങ്ക് പന്തെറിഞ്ഞ് ആദ്യ വിക്കറ്റ് നേടിയത് ഓസീസിന്റെ ജോഷ് ഹാസ്ല്‍വുഡാ ണ്. മിച്ചെല്‍ സാന്റ്‌നറാണ് (31) ന്യൂസിലന്‍ഡ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റൊരു താരം.
മിച്ചെല്‍ സ്റ്റാര്‍ക്ക്, ഹാസ്ല്‍വുഡ് എന്നിവര്‍ ഓസീസിനായി മൂന്നു വിക്കറ്റ് വീഴ്ത്തി. ഈ മല്‍സരത്തില്‍ രണ്ടു വിക്കറ്റെടുത്ത പീറ്റര്‍ സിഡ്ല്‍ ടെസ്റ്റില്‍ 200 വിക്കറ്റെന്ന നാഴികക്കല്ല് പിന്നിട്ടു.
Next Story

RELATED STORIES

Share it