കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാവുന്നു

എ ടി സുബൈര്‍

മട്ടന്നൂര്‍: ഉത്തരമലബാറിന്റെ ചിരകാല സ്വപ്‌നമായ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ഥ്യമാവുന്നു. രാപ്പകല്‍ ഭേദമെന്യേ യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രവൃത്തി മുന്നേറുന്നത്. ഈ വര്‍ഷാവസാനം നിര്‍മാണം പൂര്‍ത്തിയാക്കി മൂര്‍ഖന്‍പറമ്പില്‍ ആദ്യ വിമാനമിറക്കാനുളള ശ്രമത്തിലാണ് സര്‍ക്കാര്‍. ഡിസംബര്‍ 31നകം ചെറുവിമാനമിറക്കി പരീക്ഷണപ്പറക്കല്‍ നടത്തി റണ്‍വേയുടെ ഉദ്ഘാടനം നടത്തുമെന്ന് വിമാനത്താവളത്തിന്റെ ചുമതലയുള്ള മന്ത്രി കെ ബാബുവും പ്രഖ്യാപിച്ചിട്ടുണ്ട്.
2016 മെയില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള സര്‍വീസ് ആരംഭിക്കും. വിമാനത്താവളത്തോടനുബന്ധിച്ചുള്ള എട്ടു റോഡുകള്‍ വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. റണ്‍വേയുടെ നിര്‍മാണം 70 ശതമാനം പൂര്‍ത്തിയായി.3050 മീറ്റര്‍ നീളത്തിലാണ് ആദ്യഘട്ടത്തില്‍ റണ്‍വേ നിര്‍മിക്കുന്നത്. 2000 മീറ്ററോളം റണ്‍വേയുടെ മെക്കാഡം ടാറിങ് പൂര്‍ത്തീകരിച്ച് ഇതിനു മുകളില്‍ ബ്ലാക്ക് ടോപ്പിങ് നടത്തുകയാണ്. റണ്‍വേയുടെ 800 മീറ്ററോളം ഭൂമി നിരപ്പാക്കാന്‍ ശേഷിക്കുന്നുണ്ട്. ബാക്കിവരുന്ന റണ്‍വേ ഭാഗം 2016 ഏപ്രിലില്‍ പൂര്‍ത്തീകരിക്കാനാണ് ശ്രമം. സാങ്കേതിക വിദഗ്ധരടക്കം 1500ഓളം ജീവനക്കാരും തൊഴിലാളികളുമാണ് റണ്‍വേ നിര്‍മാണത്തിലുള്ളത്. 75,000 ചതുരശ്ര മീറ്ററില്‍ നിര്‍മിക്കുന്ന പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിങിന്റെ പ്രവൃത്തി 70 ശതമാനമായി. മൂന്നാം നിലയുടെ സ്‌ട്രെക്ചര്‍ പ്രവൃത്തി കഴിഞ്ഞതിനാല്‍ റൂഫിങ് നടത്തുന്നതിന്റെ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്.
ചെറുതും വലുതുമായ 20 വിമാനങ്ങള്‍ നിര്‍ത്തിയിടാന്‍ നിര്‍മിക്കുന്ന ഏപ്രണിന്റെ പ്രവൃത്തി 90 ശതമാനമായി. മെക്കാഡം ടാറിങ് പൂര്‍ത്തിയാക്കി റണ്‍വേയുടെ പ്രവൃത്തി ആരംഭിക്കുന്നതിനു മുമ്പുതന്നെ ഏപ്രണില്‍ ബ്ലാക്ക് ടോപ്പിങ് നടത്തിയിരുന്നു. റണ്‍വേയുടെ ബ്ലാക്ക് ടോപ്പിങ് പൂര്‍ത്തിയാക്കുന്നതിനൊപ്പം ഏപ്രണിന്റെയും പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കും. 1200 ചതുരശ്രയടിയുള്ള എടിസി ടെക്‌നിക്കല്‍ കെട്ടിടത്തിന്റെ സ്‌ട്രെക്ചര്‍ പ്രവൃത്തി പൂര്‍ത്തിയായി. വിമാനമിറങ്ങാനും ഉയരാനുമുള്ള സിഗ്നല്‍ നല്‍കുന്നത് എടിസി ടെക്‌നിക്കല്‍ കെട്ടിടത്തില്‍നിന്നാണ്. 25,000 ചതുരശ്ര മീറ്ററിലുള്ള ഇന്ധന പാടത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. പദ്ധതി പ്രദേശത്തിനു ചുറ്റുമായി 19 കിലോമീറ്ററോളം നീളത്തിലാണ് മതില്‍ നിര്‍മിക്കുന്നത്. ഇതില്‍ 13 കിലോമീറ്റര്‍ പൂര്‍ത്തിയായി.
പദ്ധതിപ്രദേശത്തേക്കു വെള്ളമെത്തിക്കാനുളള പ്രവൃത്തിയും പുരോഗമിക്കുകയാണ്. ചാവശ്ശേരി പറമ്പില്‍നിന്ന് പുതിയ 250 എംഎം ജിഐ പൈപ്പ് സ്ഥാപിച്ചാണ് മൂര്‍ഖന്‍പറമ്പിലേക്ക് ജലവിതരണം നടത്തുന്നത്.
Next Story

RELATED STORIES

Share it