kasaragod local

കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു; ലക്ഷ്യം യുവാക്കളും വിദ്യാര്‍ഥികളും

കാസര്‍കോട്: ജില്ലയുടെ പല ഭാഗങ്ങളിലും കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. കോളജ്, സ്‌കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യം വച്ചാണ് കഞ്ചാവ് മാഫിയയുടെ പ്രവര്‍ത്തനം. മഞ്ചേശ്വരം, ഉപ്പള, ബന്തിയോട്, കുമ്പള, കാസര്‍കോട് ടൗണ്‍, തായലങ്ങാടി, തളങ്കര, പള്ളം, നെല്ലിക്കുന്ന്, കസബ കടപ്പുറം, മേല്‍പറമ്പ്, ചട്ടഞ്ചാല്‍, ഉദുമ, പള്ളിക്കര, ബേക്കല്‍, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, പടന്ന, കാലിക്കടവ്, തൃക്കരിപ്പൂര്‍ ഭാഗങ്ങളിലാണ് മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയത്.
കാസര്‍കോട് നഗരത്തില്‍ പട്ടാപ്പകല്‍ പോലും കഞ്ചാവ് വില്‍പ്പന തകൃതിയായി നടക്കുന്നു. നഗരത്തിലെ ചില ഒഴിഞ്ഞ കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് മാഫിയയുടെ പ്രവര്‍ത്തനം. ഇവിടങ്ങളില്‍ ഉപഭോക്താക്കളായി എത്തുന്നത് വിദ്യാര്‍ഥികള്‍ അടക്കമുള്ള യുവതലമുറയാണ്. മയക്കുമരുന്നിന് അടിമപ്പെടുന്ന വിദ്യാര്‍ഥികള്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുകയും അത് നാടിന്റെ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാവുകയും ചെയ്യുന്നുണ്ട്. കഞ്ചാവ് നിറച്ച ബീഡികളും സിഗരറ്റുകളും വില്‍ക്കുന്ന സംഘവും നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍പന കൂടുതലായും നടക്കുന്നത്.
ഒരു ഗ്രാം മുതല്‍ 10 ഗ്രാം വരെയുള്ള പാക്കറ്റുകളിലാക്കിയാണ് വില്‍പന. ഏജന്റുമാരില്‍ നിന്നും വാങ്ങുന്ന കഞ്ചാവ് ചെറിയ പാക്കറ്റുകളാക്കിയാണ് ആവശ്യക്കാര്‍ക്ക് വില്‍ക്കുന്നത്. നിരവധി തവണ കഞ്ചാവുമായി അറസ്റ്റിലായവര്‍ തന്നെയാണ് ജാമ്യത്തിലിറങ്ങി വീണ്ടും ഇതേ ബിസിനസിലേക്ക് കടക്കുന്നത്.
മംഗളൂരു, ആന്ധ്ര, ഇടുക്കി തുടങ്ങിയ ഭാഗങ്ങളില്‍ നിന്നാണ് ജില്ലയിലേക്ക് കഞ്ചാവ് എത്തുന്നത്. കഴിഞ്ഞ വര്‍ഷം അഞ്ചര ക്വിന്റലോളം കഞ്ചാവ് വിവിധ സ്ഥലങ്ങളില്‍ നിന്നായി പോലിസ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരേയും അറസ്റ്റ് ചെയ്തിരുന്നു. പോലിസിലെ ചിലരും കഞ്ചാവ് മാഫിയകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് മൂലം പലപ്രതികളും രക്ഷപ്പെടുകയാണെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്. ആന്ധ്രയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗവും സ്വകാര്യ വാഹനങ്ങളിലും ഇവിടെ മൊത്തമായി എത്തിക്കുന്ന കഞ്ചാവ് എത്തിക്കുന്ന ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉപ്പളയിലാണ് ഏറ്റവും കൂടുതല്‍ കഞ്ചാവ് വിറ്റഴിക്കപ്പെടുന്നത്.
അന്യ സംസ്ഥാനങ്ങളില്‍ നിന്ന് തൊഴില്‍ തേടിയെത്തിയവര്‍ മുഖാന്തിരമാണ് ഇവിടെ കഞ്ചാവ് എത്തുന്നത്. ഇവിടെ നിന്നാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്നത്. മയക്കുമരുന്ന് മാഫിയകള്‍ തമ്മിലുള്ള ഗ്രൂപ്പ് പോരാണ് പലപ്പോഴും ഇവരെ പിടികൂടാന്‍ സഹായകമാകുന്നത്. കഞ്ചാവിന് അടിമപ്പെട്ട വിദ്യാര്‍ഥികളെ ഉപയോഗിച്ചും ചില കാംപസുകളില്‍ മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുണ്ട്. വിവിധ സ്ഥലങ്ങളില്‍ നിന്ന് വൈകിട്ടും രാവിലേയും കാസര്‍കോട് പഴയ ബസ് സ്റ്റാന്റിലെ കഞ്ചാവ് ഗല്ലിയിലേക്ക് ആളുകള്‍ എത്തുന്നുണ്ട്.
Next Story

RELATED STORIES

Share it