ഓപറേഷന്‍ അനന്തയുടെ മറവില്‍ കോടികളുടെ അഴിമതിയെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രി ചെയര്‍മാനായ കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഓപറേഷന്‍ അനന്തയുടെ പേരില്‍ കോടികളുടെ അഴിമതി നടക്കുന്നതായി വി ശിവന്‍കുട്ടി എംഎല്‍എ. കേന്ദ്ര ചട്ടങ്ങള്‍ക്കു വിരുദ്ധമായി നടത്തുന്ന പദ്ധതി, ഭരണതലത്തിലെ ഉന്നതന്‍മാരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് മുന്നോട്ടുപോവുന്നത്.
ഇതിന്റെ കണക്കുകള്‍ ഓഡിറ്റിനു വിധേയമല്ല. ഈ സാഹചര്യം മറയാക്കിയാണ് അഴിമതി നടക്കുന്നത്. ഇക്കാര്യത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തുനല്‍കിയിട്ടുണ്ടെന്നും ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, വന്‍ ഭൂചലനം, സുനാമി, കാട്ടുതീ തുടങ്ങിയ വന്‍ ദുരന്തങ്ങള്‍ക്കു മാത്രമേ ദുരന്തനിവാരണ ഫണ്ട് ഉപയോഗിക്കാവൂ എന്നാണ് കേന്ദ്ര ചട്ടം. ഇവിടെ അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍, കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 940.78 കോടിയാണ് ദുരന്തനിവാരണത്തിനെന്ന പേരില്‍ ചെലവാക്കിയത്. 2014-15 സാമ്പത്തിക വര്‍ഷം മാത്രം 215.14 കോടി കടലില്‍ കായം കലക്കിയതുപോലെ ചെലവിട്ടു. ടെന്‍ഡര്‍ വിളിക്കാതെ കരാറുകള്‍ ഇഷ്ടക്കാര്‍ക്കു നല്‍കി. പല റവന്യൂ ഉദ്യോഗസ്ഥരും ഈ വകയില്‍ കമ്മീഷന്‍ അടിച്ചെടുത്തു.
2015 ഒക്‌ടോബര്‍ മൂന്നിന് 13.50 ലക്ഷം ചെലവാക്കി റവന്യൂ സെക്രട്ടറിക്ക് ആഡംബര കാര്‍ വാങ്ങിയത് ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ചാണ്. ഇതേക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നയം വ്യക്തമാക്കണം. ചീഫ് സെക്രട്ടറി ജിജി തോംസന്റെ നേതൃത്വത്തില്‍ നടത്തുന്ന ഓപറേഷന്‍ അനന്ത ഒരുകാലത്തും അവസാനിപ്പിക്കാന്‍ അധികൃതര്‍ക്ക് ഉദ്ദേശ്യമില്ല. ഗുരുതരമായ പ്രോട്ടോകോള്‍ ലംഘനമുണ്ടായിട്ടും ചീഫ് സെക്രട്ടറി ഒന്നും മിണ്ടുന്നില്ലെന്നും ശിവന്‍കുട്ടി കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it