kozhikode local

ഒരു വേദിയില്‍ അഞ്ച് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും; രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് ജില്ലയില്‍

കോഴിക്കോട്: വിവിധ പദ്ധതി ഉദ്ഘാടനത്തിനായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് കോഴിക്കോട്. പാലാഴി ബൈപ്പാസില്‍ യുഎല്‍ സൈബര്‍ പാര്‍ക്ക് അങ്കണത്തിലെ പ്രത്യേക വേദിയില്‍ ഇന്ന് ഉച്ചയ്ക്ക് 12.45ന് നടക്കുന്ന ചടങ്ങില്‍ കേരളത്തെ ഡിജിറ്റല്‍ സംസ്ഥാനമായി രാഷ്ട്രപതി പ്രഖ്യാപിക്കും. ഇതിന് പുറമെ സാമൂഹികനീതിവകുപ്പിന്റെ കനിവ് പദ്ധതിയുടെ പ്രഖ്യാപനവും ജെന്‍ഡര്‍ പാര്‍ക്കിന്റെ സമര്‍പ്പണവും ഡിജിറ്റല്‍ ലിറ്ററസി കാമ്പയിന്‍, യു.എല്‍. സൈബര്‍ പാര്‍ക്ക് എന്നിവയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.
രാഷ്ട്രപതിയായ ശേഷം ആദ്യമായി കോഴിക്കോടെത്തുന്ന പ്രണബ് മുഖര്‍ജിയ്ക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എഡിജിപി നിതിന്‍ അഗര്‍വാള്‍, ഐജി ദിനേന്ദ്രകശ്യപ് എന്നിവരുടെ മേല്‍നോട്ടത്തില്‍ സിറ്റി പോലിസ് കമ്മിഷണര്‍ ഉമ െബഹ്‌റ, എസ്പിമാരായ യു അബ്ദുള്‍ കരീം, എ വി ജോര്‍ജ്, വിജയകുമാര്‍, എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 10.30 മുതല്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ ഉമ ബെഹ്‌റ അറിയിച്ചു.
രാഷ്ട്രപതി ഹെലികോപ്റ്റര്‍ ഇറങ്ങുന്ന വെസ്റ്റ്ഹില്‍ വിക്രംമൈതാനിയുടെ സുരക്ഷ വിജയകുമാറിന്റെ നേതൃത്വത്തിലാണ് ഒരുക്കിയിരിക്കുന്നത്. വെസ്റ്റ്ഹില്‍ ഹെലിപ്പാഡില്‍ നിന്ന് രാഷ്ട്രപതിയെ ചടങ്ങ് നടക്കുന്ന സ്ഥലത്തെത്തിക്കുന്നതിന്റെ ചുമതല അബ്ദുള്‍ കരീമിനാണ്. യുഎല്‍ സൈബര്‍ പാര്‍ക്കില്‍ രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടിയുടെ മുഖ്യവേദിയുടെ സുരക്ഷാ ചുമതല വഹിക്കുന്നത് എ വി ജോര്‍ജാണ്. മൂന്നു ദൗത്യങ്ങളും ഏകോപിപ്പിക്കുന്നത് സിറ്റി പോലീസ് കമ്മിഷണര്‍ കൂടിയായ ഉമ ബെഹ്‌റയാണ്.
ആയിരത്തോളം പോലീസ് സേനാംഗങ്ങളെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. രാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന സ്ഥലങ്ങളിലെല്ലാം പോലിസിന്റെ പിക്കറ്റ് പോസ്റ്റുകളും ഒരുക്കിയിട്ടുണ്ട്. സായുധ പോലിസിനെയാണ് ഇവിടങ്ങളില്‍ നിയോഗിച്ചിരിക്കുന്നത്.
വിക്രം മൈതാനിയിലും വേദിയിലും ബോംബ്‌സ്‌ക്വാഡും ഡോഗ്‌സ്‌ക്വാഡും പരിശോധന നടത്തി. നഗരത്തിലെ തിരക്കേറിയ ഭാഗങ്ങളിലും ബസ്സ്റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷന്‍, ബീച്ച്, മാനാഞ്ചിറ, സരോവരം എന്നിവിടങ്ങളിലും പോലിസ് പരിശോധന നടത്തിയിരുന്നു.
ഇന്നു രാവിലെ പത്തരയ്ക്ക് കൊടുങ്ങല്ലൂരില്‍ മുസിരിസ് പൈതൃക കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന രാഷ്ട്രപതി അവിടെനിന്നും 11.25ന് കോഴിക്കോട്ടേയ്ക്ക് തിരിക്കും.
വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ ഹെലികോപ്റ്ററിലെത്തുന്ന രാഷ്ട്രപതി തുടര്‍ന്ന് കാര്‍മാര്‍ഗം യുഎല്‍ സൈബര്‍ പാര്‍ക്കിലെത്തും. ചടങ്ങില്‍ സംബന്ധിച്ച ശേഷം ഉച്ചഭക്ഷണത്തിനു ശേഷം രാഷ്ട്രപതി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. അവിടെ നിന്നും വൈകീട്ട് മൂന്നോടെ വിമാനമാര്‍ഗം ഡല്‍ഹിക്ക് മടങ്ങും.
സന്ദര്‍ശനത്തിന്റെ മുന്നോടിയായി ഇന്നലെ 12.30ന് വെസ്റ്റ്ഹില്ലില്‍ നിന്നും സുരക്ഷാ സേനാംഗങ്ങള്‍ ട്രയല്‍ റണ്‍ നടത്തി. യുഎല്‍ സൈബര്‍പാര്‍ക്കിലേക്കും അവിടെ നിന്ന് കടവ് റിസോര്‍ട്ടിലേക്കും പിന്നീട് കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുമായിരുന്നു ട്രയല്‍ റണ്‍. അതേസമയം സൈബര്‍ പാര്‍ക്കില്‍ വാഹനവ്യൂഹം പോകേണ്ട സ്ഥലത്തെ ചെറിയ വളവ് ഗതാഗത്തിനു ചെറിയ തടസം വരുത്തുന്നതായി പോലിസുദ്യോഗസ്ഥര്‍ കണ്ടെത്തി. ഈ ഭാഗത്തു കൂടി വീണ്ടും രണ്ടുതവണ ട്രയല്‍ റണ്‍ നടത്തി.
കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, മന്ത്രി ഡോ: എം കെ മുനീര്‍, സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എം കെ രാഘവന്‍ എംപി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
Next Story

RELATED STORIES

Share it