ഒരു ലക്ഷത്തോളം വിലമതിക്കുന്ന ആനക്കൊമ്പുകള്‍ പിടികൂടി

പുല്‍പ്പള്ളി: പുല്‍പ്പള്ളി ടൗണിലെ കടയില്‍ നിന്ന് ഒരു ലക്ഷത്തോളം വിലമതിക്കുന്ന ആനക്കൊമ്പുകള്‍ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് അമരക്കുനി പുത്തന്‍കുടിയില്‍ കുട്ടപ്പനെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. സീതാദേവി ക്ഷേത്രത്തിനടുത്തുള്ള കടയില്‍ നിന്നാണ് രണ്ടു കിലോയോളം തൂക്കം വരുന്ന കൊമ്പുകളുമായി കുട്ടപ്പന്‍ അറസ്റ്റിലായത്.
ഫോറസ്റ്റ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ആനക്കൊമ്പ് വാങ്ങാനെന്ന പേരില്‍ ഉദ്യോഗസ്ഥര്‍ കുട്ടപ്പനെ സമീപിക്കുകയായിരുന്നു. അമരക്കുനി സ്വദേശിയാണ് ഒരു വര്‍ഷം മുമ്പ് ആനക്കൊമ്പുകള്‍ കുട്ടപ്പന് വിലയ്ക്കു നല്‍കിയതെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി അറിയുന്നു. കര്‍ണാടക വനത്തിലെ ആനയുടെ കൊമ്പുകളാണ് ഇവയെന്നു വനപാലകര്‍ സംശയിക്കുന്നു.
ഏറെക്കാലത്തിനു ശേഷമാണ് വനപാലകര്‍ ജില്ലയില്‍ നിന്ന് ആനക്കൊമ്പുകള്‍ പിടികൂടുന്നത്. ഫോറസ്റ്റ് ഇന്റലിജന്‍സ് സെല്ലിനു പുറമെ കല്‍പ്പറ്റ ഫഌയിങ് സ്‌ക്വാഡ്, ചെതലയം റേഞ്ചിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൊമ്പുകള്‍ പിടികൂടിയത്. ചെതലയം ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ പി രഞ്ജിത്കുമാര്‍, ഫഌയിങ് സ്‌ക്വാഡ് റേഞ്ച് ഓഫിസര്‍ അനൂപ്കുമാര്‍, ഡെപ്യൂട്ടി റേഞ്ചര്‍ ബാബുരാജ്, പാതിരി സ്‌പെഷ്യല്‍ ഫോറസ്റ്റ് ഓഫിസര്‍ മുസ്തഫ സാദിഖ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Next Story

RELATED STORIES

Share it