ഒബാമ ഹിരോഷിമയില്‍; മാപ്പു പറയാന്‍ തയ്യാറായില്ല

ഹിരോഷിമ: യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഹിരോഷിമയിലെത്തി. 1945ലെ അണുബോംബാക്രമണങ്ങള്‍ക്കു ശേഷം ജപ്പാനിലെ ഹിരോഷിമ സന്ദര്‍ശിക്കുന്ന ആദ്യ യുഎസ് പ്രസിഡന്റായി ബറാക് ഒബാമ. രണ്ടാം ലോകയുദ്ധകാലത്തെ യുഎസിന്റെ അണുബോംബാക്രമണത്തിന്റെ ദുരന്തഫലങ്ങള്‍ ഇപ്പോഴും തുടരുന്ന നഗരത്തിലേക്ക് ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സെ ആബെ അടക്കമുള്ള പ്രമുഖര്‍ക്കൊപ്പമാണ് ഒബാമയെത്തിയത്.
ഹിരോഷിമയിലെ ദുരന്തസ്മാരകത്തില്‍ പുഷ്പചക്രമര്‍പ്പിച്ച യുഎസ് പ്രസിഡന്റ് 71 വര്‍ഷം മുമ്പു നടന്ന ലോകത്തിലെ ആദ്യ ആണവാക്രമണത്തില്‍ കൊല്ലപ്പെട്ട 1,40,000ത്തോളം പേര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ചു. 71 വര്‍ഷം മുമ്പ് മരണം ആകാശത്തുനിന്നു കൊഴിഞ്ഞുവീണെന്നും അതിനു ശേഷം ലോകം മാറിയെന്നും ഒബാമ പറഞ്ഞു. ഹിരോഷിമയുടെ ഓര്‍മകള്‍ മാഞ്ഞുപോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജപ്പാനിലെ ഇസെ ഷിമയില്‍ ജി-7 ഉച്ചകോടിക്കെത്തിയ ലോക നേതാക്കളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഒബാമ ഹിരോഷിമയിലെത്തിയത്. ഹിരോഷിമയിലെ ആണവാക്രമണത്തെ അതിജീവിച്ചവരെ ഒബാമ സന്ദര്‍ശിച്ചു.
അതേസമയം ഹിരോഷിമ സന്ദര്‍ശനത്തിനിടെ ജപ്പാന്‍ ജനതയോട് അണുബോംബാക്രമണത്തില്‍ മാപ്പു പറയാന്‍ ഒബാമ തയ്യാറായില്ല. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ചതില്‍ മാപ്പു പറയില്ലെന്ന് ഒബാമ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഒരു ജപ്പാന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഒബാമ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. യുദ്ധത്തിന് നേതൃത്വം നല്‍കുന്ന സമയത്ത് പല തീരുമാനങ്ങളും കൈക്കൊള്ളേണ്ടിവരും. അതില്‍ ഖേദപ്രകടനം നടത്തേണ്ട കാര്യമില്ല. തന്റെ പദവിയും പരിചയവും വച്ചാണ് താന്‍ ഇത്തരത്തില്‍ അഭിപ്രായപ്പെടുന്നതെന്നുമായിരുന്നു ഒബാമ പറഞ്ഞത്.
Next Story

RELATED STORIES

Share it