ഐഎസ് ബന്ധം ആരോപിച്ച് അറസ്റ്റ്; വേട്ടയാടല്‍ അവസാനിപ്പിക്കണമെന്ന് മുസ്‌ലിം സംഘടനകള്‍

ന്യൂഡല്‍ഹി: ഐഎസ് ബന്ധത്തിന്റെ പേരില്‍ നിരപരാധികളായ മുസ്‌ലിംകളെ വേട്ടയാടുന്ന നടപടി സര്‍ക്കാര്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് മുസ്‌ലിം സംഘടനകള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മതപണ്ഡിതരും വിദ്യാസമ്പന്നരുമായ മുസ്‌ലിംകളെയാണ് ഐഎസ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യുന്നത്. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഡല്‍ഹി പ്രസ്‌ക്ലബ്ബില്‍ മുസ്‌ലിം സംഘടനകള്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഓള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറ, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, ഓള്‍ ഇന്ത്യാ മില്ലി കൗണ്‍സില്‍, ജമാഅത്തെ ഇസ്‌ലാമി പ്രതിനിധികളാണ് വാര്‍ത്താസമ്മേളനം വിളിച്ചത്. ഭീകരബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യുകയും പിന്നീട് നിരപരാധികളെന്നു കണ്ട് വിട്ടയക്കപ്പെടുകയും ചെയ്തവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണം. അവരെ കള്ളക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന ശിക്ഷയും നല്‍കണം. ഇത്തരത്തിലുള്ള അറസ്റ്റുകളും അതുമായി ബന്ധപ്പെട്ട കേസുകളും മനുഷ്യാവകാശ പ്രവര്‍ത്തകരും പൗരസമൂഹത്തില്‍ നിന്നുള്ള പ്രതിനിധികളും അടങ്ങുന്ന സമിതി രൂപീകരിച്ച് അവര്‍ക്കു വിടണമെന്നും മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെട്ടു.
മലേഗാവ്, സംജോതാ എക്‌സ്പ്രസ്, അക്ഷര്‍ധാം ആക്രമണം തുടങ്ങി നിരവധി കേസുകളില്‍ നിരപരാധികളായ മുസ്‌ലിംകളെ വേട്ടയാടിയ മുന്‍ അനുഭവം രാജ്യത്തുണ്ട്. ഇവരെ പിന്നീട് നിരപരാധികളെന്നു കണ്ട് വിട്ടയച്ചു. ഇത്തരത്തില്‍ വര്‍ഷങ്ങള്‍ ജയിലില്‍ കിടക്കേണ്ടി വന്നവരെ പിന്നീട് വിട്ടയച്ചാലും അവരുടെ ജീവിതത്തിലെ പോയ കാലം ആരു തിരിച്ചുനല്‍കുമെന്ന് നേതാക്കള്‍ ചോദിച്ചു. ഇസ്‌ലാമിനെ താറടിക്കാനും ഇന്ത്യന്‍ മുസ്‌ലിംകളുടെ പുരോഗതി തടയാനുമുള്ള വൃത്തികെട്ട പ്രചാരണത്തിന്റെ ഭാഗമാണ് ഐഎസിന്റെ പേരിലുള്ള ഇപ്പോഴത്തെ നീക്കങ്ങള്‍. മുസ്‌ലിംകള്‍ക്കു മേല്‍ ഭീകരബന്ധമാരോപിച്ച് അവരുടെ രാജ്യസ്‌നേഹത്തെ സംശയത്തിന്റെ നിഴലിലാക്കി സമുദായങ്ങളെ തമ്മിലകറ്റി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഹിന്ദുത്വര്‍ പ്രതിസ്ഥാനത്തുള്ള ഈ കേസുകള്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തിവരുകയാണെന്നും സംഘടനകള്‍ വ്യക്തമാക്കി.
കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ജയ്പൂരില്‍ നടന്ന ഭീകരവിരുദ്ധ സമ്മേളനത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ എല്ലാവരും രാജ്യസ്‌നേഹികളാണെന്നും ഐഎസിന് അവരെ അല്‍പ്പംപോലും സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രസ്താവിച്ചിരുന്നു. അതിനുശേഷം അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമാന പ്രസ്താവന നടത്തി. അതുകഴിഞ്ഞ് ഒരുവര്‍ഷം പിന്നിടുന്നതിനു മുമ്പുതന്നെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുപതിലേറെ മുസ്‌ലിംകളെയാണ് ഐഎസ്, അല്‍ഖാഇദ ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്.
നേരത്തെ, ഇത്തരം കുറ്റമാരോപിച്ച് അറസ്റ്റിലായ മുസ്‌ലിം ചെറുപ്പക്കാരൊക്കെയും പിന്നീട് നിരപരാധികളെന്നു കണ്ടതിനാല്‍ മോചിതരാവുകയായിരുന്നു. അതുപോലെ ഇപ്പോള്‍ പിടിയിലായവരും കുറ്റം തെളിയിക്കപ്പെടാതെ വര്‍ഷങ്ങള്‍ക്കു ശേഷം മോചിതരാവുമെന്നും ഉറപ്പാണ്. ഐഎസിന് ഇസ്‌ലാമുമായി ബന്ധമില്ലെന്നും അവര്‍ ഭീകരസംഘടനയാണെന്നും ഇന്ത്യയിലെ എല്ലാ മുസ്‌ലിം സംഘടനകളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരിക്കെ ഇന്ത്യയിലെ മുസ്‌ലിംകള്‍ അവര്‍ക്കു പിന്നാലെ പോവാന്‍ സാധ്യതയില്ല. അറബ് വിപ്ലവ സമയത്ത് ഈജിപ്ത്, സിറിയ പോലുള്ള രാജ്യങ്ങളിലേക്കും ഇസ്രായേലിലേക്കുമൊന്നും ഇന്ത്യയിലെ ഒരു മുസ്‌ലിമും മുമ്പ് പോരാടാന്‍ പോയിട്ടില്ല. എന്നിരിക്കെ ഐഎസിനു വേണ്ടി പോരാടാന്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ പോവുമെന്നുള്ള വാദം വിശ്വസിക്കാനാവില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.
മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന യുഎപിഎ, മൊക്കോക്ക പോലുള്ള നിയമങ്ങള്‍ എടുത്തുകളയണമെന്നും മുസ്‌ലിം സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it