എ ആര്‍ രാമദാസ് റിമാന്‍ഡില്‍

തൃശൂര്‍: അയ്യന്തോളിലെ ഫഌറ്റില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ കെപിസിസി മുന്‍ സെക്രട്ടറി എം ആര്‍ രാമദാസിനെ റിമാന്‍ഡ് ചെയ്തു. കേസിലെ മുഖ്യപ്രതിയും യൂത്ത്‌കോണ്‍ഗ്രസ് നേതാവുമായ റഷീദിനെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന കുറ്റത്തിനാണ് രാമദാസിനെ അറസ്റ്റ് ചെയ്തത്. രാമദാസിനെ മൂന്നു ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിടാനും രണ്ടാം നമ്പര്‍ അഡീഷനല്‍ കോടതി ജഡ്ജി എം ആര്‍ അജേഷ് ഉത്തരവിട്ടു.
അതേസമയം ചികില്‍സ വേണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. തുടര്‍ന്ന് കോടതിയില്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച രാമദാസിനെ പോലിസ് വാഹനത്തില്‍ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി.
പോലിസിനെ ബോധപൂര്‍വം തെറ്റിധരിപ്പിക്കല്‍, പ്രതികളെ സംരക്ഷിക്കല്‍, തെളിവു നശിപ്പിക്കല്‍, കുറ്റകൃത്യം അറിഞ്ഞിട്ടും അധികൃതരോടു പറയാതിരിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. ഇന്നലെ വൈകീട്ട് നാലിന് എസ്പി ഓഫിസില്‍ ചോദ്യംചെയ്യാന്‍ വിളിച്ചു വരുത്തിയ രാമദാസിനെ രാത്രി എട്ടോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. യൂത്ത്‌കോണ്‍ഗ്രസ് നേതാവ് റഷീദ്, കാമുകി ശാശ്വതി, സുഹൃത്ത് കൃഷ്ണപ്രസാദ് എന്നിവര്‍ ചേര്‍ന്ന് മാര്‍ച്ച് മൂന്നിനാണ് ഷൊര്‍ണൂര്‍ സ്വദേശി സതീശനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്.
Next Story

RELATED STORIES

Share it