Kollam Local

എസ്ഡിപിഐ വനിതാ വിഭാഗം ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം: സ്ത്രീകള്‍ക്ക് ഉള്‍പ്പടെ പരിക്ക്; മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിടിയില്‍

ചന്ദനത്തോപ്പ്: എസ്ഡിപിഐ വനിതാ വിഭാഗം ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണം. വീട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മര്‍ദ്ദനമേറ്റു. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും കഞ്ചാവ് പൊതികള്‍ പോലിസ് പിടിച്ചെടുത്തു. എസ്ഡിപി ഐ വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് ചാത്തിനാംകുളം ഷാജുനിവാസില്‍ ഷംലാമോളുടെ വീട്ടിലാണ് ആക്രമണം ഉണ്ടായത്. ഷംലാമോള്‍ക്കും മാതാവ് ലൈല(55), ഭര്‍തൃമാതാവ് അഷ്‌റഫ്‌നിസ(55), സഹോദരന്‍ ഷാജു(36), മക്കളായ അഫ്രാസ്(മൂന്ന്), ഫൈഹാന്‍(മൂന്ന്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിലും പിന്നീട് മേവറത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ട് നാലോടെയാണ് സംഭവം. ബൈക്കിലെത്തിയ അഞ്ചംഗ സംഘം വീട്ടിനുള്ളില്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സ്ത്രീകളേയും കുട്ടികളേയും ഉള്‍പ്പടെ സംഘം മര്‍ദ്ദിച്ചു. മദ്യലലഹരിയിലായിരുന്നു സംഘമെന്ന് മര്‍ദ്ദനമേറ്റവര്‍ പറഞ്ഞു. വീട്ടിലുണ്ടായിരുന്ന കുട്ടികളുടെ സൈക്കിളും നശിപ്പിച്ചു. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളില്‍ മൂന്നുപേരെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. ചാത്തിനാംകുളം സ്വദേശികളായ ഷാന്‍, സജീര്‍, അന്‍വര്‍ എന്നിവരെയാണ് പിടികൂടിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കിളികൊല്ലൂര്‍ എസ്‌ഐ മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തു.
ഇവരുടെ പക്കല്‍ നിന്നും രണ്ട് പൊതി കഞ്ചാവ് പോലിസ് പിടിച്ചെടുത്തു. സിദ്ധീഖ്, നിയാസ് എന്നിവരാണ് ആക്രമണത്തിന് ശേഷം രക്ഷപ്പെട്ടത്. ഇവര്‍ക്കായി പോലിസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ആക്രമണം നടത്തിയവരുമായി നിലവില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഷംലയുടെ ഭര്‍ത്താവും എസ്ഡിപിഐ ചാത്തിനാംകുളം ബ്രാഞ്ച് പ്രസിഡന്റുമായ ഷൈജു പറഞ്ഞു. ആക്രമണത്തില്‍ പ്രതിഷേധിച്ച് വൈകീട്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ചന്ദനത്തോപ്പ് ജങ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം കുറ്റിവിള, പോക്കര്‍വിള ജങ്ഷന്‍ വഴി ചിറയില്‍ തൈയ്ക്കാവ് മുക്കില്‍ സമാപിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ എ നിസാര്‍, മണ്ഡലം പ്രസിഡന്റ് നുജുമുദ്ദീന്‍ അഞ്ചുമുക്ക്, വൈസ് പ്രസിഡന്റ് റഹിം പത്തായക്കല്ല്, സെക്രട്ടറി ഷഫീഖ് കരുവ, ഖജാഞ്ചി ഫിറോസ് സദാശിവന്‍, ബ്രാഞ്ച് പ്രസിഡന്റ് ഷൈജു, സിയാദ്കുട്ടി നേതൃത്വം നല്‍കി. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഗൂഡാലോചനയുടെ ഭാഗമാണ് ആക്രമണമെന്നും ഇവരെ കസ്റ്റഡിയിലെടുക്കണമെന്നും എസ്ഡിപിഐ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it