malappuram local

എസ്ഡിപിഐ -എസ്പി സഖ്യം കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റും: അഡ്വ. ഉമര്‍

വേങ്ങര: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ രൂപം കൊണ്ട എസ്ഡിപിഐ-സമാജ്‌വാദി പാര്‍ട്ടി സഖ്യം വരാനിരിക്കുന്ന രാഷ്ട്രീയ ഗതിമാറ്റത്തിന്റെ സൂചനയാണെന്ന് സമാജ്‌വാദി പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയും എസ്ഡിപിഐ-എസ്പി സഖ്യ ജില്ലാ തിരഞ്ഞെടുപ്പ് കമ്മിറ്റി വൈസ് ചെയര്‍മാനുമായ അഡ്വ. ഉമര്‍.
വേങ്ങര മണ്ഡലം എസ്ഡിപിഐ -എസ്പി സഖ്യസ്ഥാനാര്‍ഥി കല്ലന്‍ അബൂബക്കര്‍ മാസ്റ്ററുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ സമുദായങ്ങള്‍ രാഷ്ട്രീയമായി സംഘടിച്ചാല്‍ തീവ്രവാദ-ഭീകരവാദ മുദ്രചാര്‍ത്തി അവയെ ഇല്ലാതാക്കുന്ന നയമാണ് കേരളത്തിലെ ഇടത്-വലത് മുന്നണികള്‍ കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ രാഷ്ട്രീയ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന എസ്ഡിപിഐയെ മുഖ്യധാരയില്‍ നിന്നകറ്റാമെന്നത് സാമ്പ്രദായിക പാര്‍ട്ടികളുടെ വ്യാമോഹമാണ്. ന്യൂനപക്ഷങ്ങളും മുസലിംകളും വേട്ടയാടപ്പെടുന്ന സ്ഥിതിവിശേഷമാണ് രാജ്യത്താകമാനമുള്ളത്. തിരഞ്ഞെടുപ്പ് കാലങ്ങളില്‍ മാത്രം ന്യൂനപക്ഷജനതയുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്ന രാഷ്ട്രീയ കാപട്യത്തിനെതിരേയുള്ള വിധിയെഴുത്തായിരിക്കും നിയമസഭാതിരഞ്ഞെടുപ്പ്.
പരസ്പര സഹകരണ മുന്നണികളായി ഭരണ-പ്രതിപക്ഷ സ്ഥാനത്തിരിക്കുന്ന ഇടത്-വലതു മുന്നണികളുടെ പല പ്രമുഖരും അവരവര്‍ മല്‍സരിക്കുന്ന മണ്ഡലത്തിലെ ജനങ്ങള്‍ക്കു മുമ്പില്‍ മുട്ടിലിഴയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വേങ്ങര മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പൂവില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു.
എസ്ഡിപിഐ-എസ്പി സഖ്യം ജില്ലാ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ വി ടി ഇക്‌റാമുല്‍ഹഖ്, എസ്ഡിടിയു സംസ്ഥാന സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ അരീക്കന്‍ ബീരാന്‍കുട്ടി, സ്ഥാനാര്‍ഥി കല്ലന്‍ അബൂബക്കര്‍ മാസ്റ്റര്‍, പി സി എ റസാഖ് സംസാരിച്ചു.
സ്ഥാനാര്‍ഥിയെ ആനയിച്ച് താഴെ അങ്ങാടിമുതല്‍ നഗരം ചുറ്റി നടന്ന പ്രകടനത്തിന് മണ്ഡലം പഞ്ചായത്ത് ഭാരവാഹികളായ വി ബഷീര്‍, എം അബ്ദുല്‍ഗഫൂര്‍, പി കെ അബൂബക്കര്‍, കെ പി അബ്ദുല്‍ഖയ്യൂം ഹാജി, കെ എം ഹനീഫ, ടി നൗഷാദ്, കോറാടന്‍ നാസര്‍, സി പി അബ്ദുറഹീം, പി എം ഷെരീഖാന്‍, എം മുസ്തഫ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it