എന്‍ഡിഎ വിട്ടതായി ആര്‍എസ്പി(ബി)

കൊച്ചി: ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയില്‍ നിന്നു വിട്ടതായി ആര്‍എസ്പി(ബി) സംസ്ഥാന സെക്രട്ടറി പ്രഫ. എ വി താമരാക്ഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പതിനെട്ടു മാസത്തെ ബിജെപി ബന്ധം തെറ്റായിപ്പോയെന്നും ആയിരം വര്‍ഷം കഴിഞ്ഞാലും കേരളത്തില്‍ ബിജെപിക്ക് മൂന്നാം ബദലാവാന്‍ കഴിയില്ലെന്നും ആര്‍എസ്പി(ബി) സംസ്ഥാന പ്രവര്‍ത്തക സമ്മേളന രാഷ്ട്രീയ തീരുമാനങ്ങള്‍ വിശദീകരിച്ച് എ വി താമരാക്ഷന്‍ പറഞ്ഞു.
പിന്നാക്കക്കാരനായ നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്കൊപ്പം ചേര്‍ന്നത്. എല്ലാ വിഭാഗങ്ങളേയും ഒന്നിച്ചുകൊണ്ടുപോവുമെന്ന് പറഞ്ഞ് അധികാരത്തില്‍ എത്തിയതാണ് മോദി സര്‍ക്കാര്‍. എന്നാല്‍ ദലിത് കുട്ടികള്‍ വരെ ചുട്ടെരിക്കപ്പെട്ടത് ഉള്‍പ്പെടെ അക്രമങ്ങള്‍ പെരുകി. രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചു. കേരളത്തില്‍ മുന്നണി ബന്ധം മുന്നോട്ട് കൊണ്ടുപോവാന്‍ ബിജെപിക്ക് താല്‍പര്യമില്ലാത്ത സാഹചര്യത്തിലാണ് ബിജെപി ബന്ധം അവസാനിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എസ്പി പാര്‍ട്ടികള്‍ ഒന്നാവണം. ഇടതുപക്ഷ ഐക്യം ശക്തിപ്പെടണം. ആര്‍എസ്പികള്‍ ലയിച്ചാല്‍ യുഡിഎഫില്‍ തുടരില്ല. അന്തസ്സുള്ള രാഷ്ട്രീയ നേതാവായിരുന്നുവെങ്കില്‍ ഉമ്മന്‍ചാണ്ടി ആത്മഹത്യ ചെയ്യേണ്ടി വരുമായിരുന്നുവെന്നും എ വി താമരാക്ഷന്‍ പറഞ്ഞു. ആര്‍എസ്പി (ബി) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ഫ്രാന്‍സിസ് ദേവസ്യ, ടി പി ഉണ്ണി, പി മുണ്ടി, പ്രമോദ് ഒറ്റക്കണ്ടം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it