ernakulam local

എന്‍ജിഒ ഫഌറ്റിനു സമീപത്തെ 14 ഷെഡ്ഡുകള്‍ പൊളിച്ചുനീക്കി

കാക്കനാട്: പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്തും പൊതുറോഡ് വക്കിലും ഷീറ്റ് മേഞ്ഞ് കച്ചവടം ചെയ്തിരുന്ന ഷെഡ്ഡുകള്‍ പൊളിച്ചുനീക്കി.
തൃക്കാക്കര മുനിസിപ്പല്‍ 35ാം വാര്‍ഡില്‍ എന്‍ജിഒ ഫഌറ്റിനു സമീപം വിവിധ കച്ചവടങ്ങള്‍ ചെയ്തിരുന്നതുള്‍പ്പെടെ 14 ഷെഡ്ഡുകളാണ് പോലിസിന്റെ സഹായത്തോടെ പൊതുമരാമത്ത് കെട്ടിട വിഭാഗം പൊളിച്ചുനീക്കിയത്. ഇന്നലെ വെളുപ്പിന് മൂന്നോടെ ജെസിബി ഉപയോഗിച്ചാണ് എല്ലാം തകര്‍ത്തത്.
പലചരക്കു കട, ചായക്കട, സൈക്കിള്‍ റിപ്പയര്‍, വായനശാല, അക്വേറിയം, രണ്ട് തൊഴിലാളി യൂനിയന്‍ ഓഫിസ്, എസ്എന്‍ഡിപി വക ഷെഡ്, പച്ചക്കറി കട തുടങ്ങി 14 എണ്ണമാണ് തകര്‍ത്തത്. പച്ചക്കറി കടയിലെ ഏത്തപ്പഴം ഉള്‍പ്പെടെ കുറെ സാധനങ്ങളും ചായക്കടയിലെ ഫര്‍ണിച്ചറുകളും പൊതുമരാമത്ത് ഓഫിസ് കാമ്പസിലേക്കു പോലിസ് തന്നെ മാറ്റുകയായിരുന്നു. പിന്നീട് ഇവ ഉടമസ്ഥര്‍ക്കു വിട്ടുകൊടുത്തു.
വന്‍ പോലിസ് സന്നാഹത്തോടെയാണ് ഇവ പൊളിച്ചുനീക്കിയത്. പൊതുമരാമത്ത്, പോലിസ്, റവന്യൂ, വൈദ്യുതി എന്നീ വകുപ്പുകള്‍ ഒന്നിച്ചാണ് ഈ ഓപറേഷന്‍ നടത്തിയത്. ഈ ഷെഡ്ഡുകളില്‍ പലതിനും മുനിസിപ്പല്‍ കെട്ടിട നമ്പരും വൈദ്യുതി കണക്ഷനുമുണ്ടായിരുന്നു.
വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിച്ചശേഷമാണ് പൊളിച്ചത്. ഇതില്‍ പലചരക്കു കടയിലെ ഭൂരിഭാഗം സാധനങ്ങളും കടക്കാരന്‍ തന്നെ മാറ്റുകയായിരുന്നു. പലചരക്കുകട നടത്തുന്ന രവി ഇതിനു തൊട്ടടുത്താണ് താമസിക്കുന്നത്.
ശബ്ദംകേട്ട് എത്തിയപ്പോഴേക്കും മറ്റെല്ലാ കടകളും പൊളിച്ചു കഴിഞ്ഞു. ഇവര്‍ ബഹളംവച്ച് ആളുകള്‍ കൂടിയപ്പോഴേക്കും എല്ലാം തകര്‍ത്തുകഴിഞ്ഞു. പൊളിക്കുന്നതിനു സഹായത്തിനായി അന്യസംസ്ഥാന തൊഴിലാളികളും ഉണ്ടായിരുന്നു. അനധികൃതമായി കെട്ടിയ ഷെഡ്ഡുകള്‍ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മൂന്നുതവണ നോട്ടീസ് നല്‍കിയിരുന്നതായി കച്ചവടക്കാര്‍ പറഞ്ഞു.
രാഷ്ട്രീയക്കാരേയും എംഎല്‍എയേയും ഉപയോഗിച്ച് ഇവ പൊളിക്കുന്നത് തടയുകയായിരുന്നു.
ഇപ്പോള്‍ തിരഞ്ഞെടുപ്പ് ചട്ടം നിലവില്‍വന്നപ്പോള്‍ മറ്റാരും ഇടപെടില്ലെന്ന് ഉറപ്പുള്ളതിനാല്‍ ഉദ്യോഗസ്ഥര്‍ തന്നെ കാര്യങ്ങള്‍ നിറവേറ്റുകയായിരുന്നു. ഇവിടെ കച്ചവടം ചെയ്യുന്നവരില്‍ പലരും ഇരുപതുവര്‍ഷത്തെ പഴക്കമുള്ളവരാണ്.
പലരുടേയും ജീവിതമാര്‍ഗമാണ് രണ്ടുമണിക്കൂര്‍കൊണ്ട് തകര്‍ത്തത്. ഷെഡ്ഡുകെട്ടി വാടകയ്ക്കു കൊടുത്തിട്ടുള്ളവരും ഉണ്ട്.
മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ കൈയേറ്റം കൂടിയപ്പോള്‍ പൊതുജനങ്ങളുടെ പരാതി ശക്തമായി. ഷെഡ്ഡുകള്‍ കെട്ടി ഹിന്ദിക്കാരെ വാടകയ്ക്കു താമസിപ്പിച്ചിട്ടുള്ളതും മദ്യപാനം നടക്കുന്നതുമായി പ്രദേശവാസികളുടെ പരാതികള്‍ ശക്തമായതോടെയാണ് പൊളിച്ചുമാറ്റിയത്.
Next Story

RELATED STORIES

Share it