എംപിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തണം: സിഐസി

ന്യൂഡല്‍ഹി: ഹരിദ്വാര്‍ എംപി രമേശ് പൊഖ്‌റിയാലിന്റെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താന്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ (സിഐസി) ഹേമവതി നന്ദന്‍ ബഹുഗുണ ഗര്‍വാല്‍ (എച്ച്എന്‍ബിജി) സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കി. ഹര്‍ഷ് റത്തൂരി എന്ന ആള്‍ സമര്‍പ്പിച്ച വിവരാവകാശ ഹരജിയിലാണ് കമ്മീഷന്റെ ഉത്തരവ്.
സര്‍വകലാശാലയില്‍ രമേശ് ഏതെങ്കിലും കോഴ്‌സിന് പഠിച്ചിട്ടുണ്ടോ ഉണ്ടെങ്കില്‍ എന്റോള്‍മെന്റ് നമ്പര്‍ എത്രയാണ് എന്നായിരുന്നു ഹരജിയില്‍ ചോദിച്ചിരുന്നത്. സര്‍വകലാശാലയ്ക്ക് നല്‍കിയ ആദ്യഹരജിയില്‍ ശരിയായ വിവരം ലഭിച്ചിരുന്നില്ല. വിശദമായ വസ്തുതകള്‍ നല്‍കാതെ 2001നു മുമ്പ് ആരൊക്കെ ഏതൊക്കെ പരീക്ഷകള്‍ വിജയിച്ചിട്ടുണ്ടെന്ന് അറിയിക്കാന്‍ സാധിക്കില്ലെന്നും 180 അഫിലിയേറ്റഡ് കോളജുകളുള്ള സര്‍വകലാശാലയില്‍ വര്‍ഷം പ്രതി ഒന്നര ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പരീക്ഷ കഴിഞ്ഞു പുറത്തുപോവുന്നുണ്ടെന്നുമായിരുന്നു സര്‍വകലാശാലയുടെ വിശദീകരണം.
തുടര്‍ന്നാണ് ഹരജിക്കാരന്‍ വിവരാവകാശ കമ്മീഷനെ സമീപിച്ചത്. എംഎ പരീക്ഷ പാസ്സായ തിയ്യതിയടക്കമുള്ള വിശദവിവരങ്ങള്‍ നല്‍കാനും സര്‍ട്ടിഫിക്കറ്റിന്റെയും മാര്‍ക്ക്‌ലിസ്റ്റിന്റെയും പകര്‍പ്പ് ഹാജരാക്കാനും ആവശ്യപ്പെട്ട് എംപിക്ക് കത്തയക്കാന്‍ കമ്മീഷന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
എംപിയില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ സര്‍വകലാശാല രേഖകളുമായി പരിശോധിച്ച് പരാതിക്കാരന് മറുപടി നല്‍കുവാനും കമ്മീഷന്‍ ലോക്‌സഭാ സെക്രട്ടറിക്കു നിര്‍ദേശം നല്‍കി.
ലോക്പാല്‍ തസ്തികകളിലേക്ക് അപേക്ഷിച്ചവരുടെ പേരുകള്‍ പരസ്യപ്പെടുത്തണമെന്നും മറ്റൊരു ഹരജിയില്‍ വാദം കേള്‍ക്കവേ(സിഐസി) കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it