ഉത്തരാഖണ്ഡ് പ്രതിസന്ധി: കോടതികളുടെ പരിധിയില്‍ വരാത്ത തീരുമാനങ്ങളില്ല; രാഷ്ട്രപതിക്കും തെറ്റുപറ്റാമെന്ന് കോടതി

ന്യൂഡല്‍ഹി: രാഷ്ട്രപതിക്കു തെറ്റുപറ്റാമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. സംസ്ഥാനത്ത് കേന്ദ്രം രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അധികാര ഭ്രഷ്ടനാക്കപ്പെട്ട മുഖ്യമന്ത്രി ഹരീഷ് റാവത്ത് സമര്‍പ്പിച്ച ഒരു ഹരജിയില്‍ വാദം കേള്‍ക്കല്‍ തുടരവെയാണ് കോടതി ഇങ്ങനെ നിരീക്ഷിച്ചത്. നീതിന്യായ സംവിധാനത്തിന് അവലോകനം ചെയ്യാനാവാത്ത, രാജാവിന്റെതിനു സമാനമായ തീരുമാനങ്ങളൊന്നും രാജ്യത്തില്ലെന്ന് കോടതി വ്യക്തമാക്കി. ഉത്തരാഖണ്ഡില്‍ കേന്ദ്രത്തിന്റെ ശുപാര്‍ശയെത്തുടര്‍ന്ന് സ്വന്തം ഭരണം പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ തീരുമാനത്തെ ന്യായീകരിച്ച കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയുടെ വാദങ്ങളോടു പ്രതികരിക്കവെയാണ് കോടതി ഇങ്ങനെ നിരീക്ഷണം നടത്തിയത്. രാഷ്ട്രപതി വളരെ മികച്ച വ്യക്തിയായിരിക്കാം. പക്ഷേ, അദ്ദേഹത്തിന് ഭീമമായ അബദ്ധം പറ്റാം. ജഡ്ജിമാര്‍ക്കും ഭീമന്‍ അബദ്ധം പറ്റാമെന്നും ചീഫ് ജസ്റ്റിസ് കെ എം ജോസഫ്, ജസ്റ്റിസ് വി കെ ബിഷ്ത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളില്‍ കോടതി അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗി, മുഖ്യമന്ത്രി റാവത്തിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി എന്നിവരുടെ വാദങ്ങള്‍ കേട്ടിരുന്നു. രാഷ്ട്രപതി ഭരണം ധൃതി പിടിച്ചു നടപ്പാക്കുകയായിരുന്നുവെന്നും വിഷയത്തിന്റെ അടിസ്ഥാനം നിങ്ങള്‍ ജനാധിപത്യത്തിന്റെ വേരുമുറിക്കാന്‍ ശ്രമിക്കുന്നതാണെന്നും കോടതി കഴിഞ്ഞദിവസം കേന്ദ്രത്തോടു പറഞ്ഞിരുന്നു. ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന്റെ അധികാരം കവര്‍ന്നെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും സംസ്ഥാനത്ത് കേന്ദ്രം അനിശ്ചിതാവസ്ഥ സൃഷ്ടിക്കുകയാണെന്നുമുള്ള ശക്തമായ നിരീക്ഷണവും കേന്ദ്രത്തിനെതിരേ കോടതി നടത്തിയിരുന്നു.
സഭയില്‍ മാര്‍ച്ച് 28നു നിശ്ചയിച്ച വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിനു മുമ്പ് ധൃതിപിടിച്ച് രാഷ്ട്രപതി ഭരണം നടപ്പാക്കിയതിനെയും കോടതി ചോദ്യംചെയ്തിരുന്നു. ഉത്തരാഖണ്ഡ് ഗവര്‍ണറും കോടതിയുടെ വിമര്‍ശനത്തിനിരയായി. ഗവര്‍ണര്‍ എന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഏജന്റല്ലെന്നും ഗവര്‍ണര്‍മാര്‍ നിഷ്പക്ഷമതികള്‍ ആയിരിക്കണമെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. കുതിരക്കച്ചവടം നടക്കുന്നുണ്ടെങ്കില്‍ തന്നെ ശരിയായ നടപടി വിശ്വാസവോട്ടെടുപ്പു നടത്തുകയും അതിന്റെ ഫലമെന്താണെന്നു നോക്കുകയുമായിരുന്നു. നിങ്ങള്‍ മാറിനില്‍ക്കുകയും നിഷ്പക്ഷ നിലപാട് സ്വീകരിക്കുകയമാണു ചെയ്യേണ്ടതെന്നും കോടതി കഴിഞ്ഞദിവസം കേന്ദ്രത്തോടു പറഞ്ഞു. കാലുമാറിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിശ്വാസ വോട്ടിങില്‍ ഒപ്പം നില്‍ക്കാന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോഴ വാഗ്ദാനം ചെയ്തതായി ആരോപണമുണ്ടായിരുന്നു.സഭയിലെ ധനബില്ലുമായി ബന്ധപ്പെട്ട് 35 എംഎല്‍എമാര്‍ ഉന്നയിച്ച ഡിവിഷന്‍ വോട്ടിനുള്ള ആവശ്യം നിരാകരിച്ച സ്പീക്കര്‍ വന്‍ പിഴവാണു വരുത്തിയതെന്ന് കേന്ദ്രത്തിനു വേണ്ടി മുകുള്‍ റോഹത്ഗി കോടതിയോടു പറഞ്ഞു. ഇതിലൂടെ സഭയില്‍ ന്യൂനപക്ഷമായ ഒരു സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയായിരുന്നു സ്പീക്കറെന്നും റോഹത്ഗി പറഞ്ഞു. എന്നാല്‍, ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ ഇത്തരം ഒറ്റപ്പെട്ട സംഭവത്തിലൂടെ അട്ടിമറിക്കാമോ എന്നായിരുന്നു കോടതിയുടെ പ്രതികരണം.
ഭരണപക്ഷ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്കു കൂറുമാറിയതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധി മുതലെടുത്താണ് കേന്ദ്രം സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ശുപാര്‍ശ ചെയ്തത്. ശുപാര്‍ശ അംഗീകരിച്ച രാഷ്ട്രപതി, ഭരണഘടനയിലെ 356ാം വകുപ്പ് ഉപയോഗിച്ച് മാര്‍ച്ച് 27ന് ഇതു സംബന്ധിച്ച പ്രഖ്യാപനത്തില്‍ ഒപ്പു വയ്ക്കുകയായിരുന്നു.
Next Story

RELATED STORIES

Share it