ഇസ്രായേല്‍ ആക്രമണം; കിഴക്കന്‍ ജറുസലേമില്‍ സംഘര്‍ഷത്തിനു ശമനമില്ല

ജറുസലേം: സുരക്ഷ ശക്തമാക്കുന്നതിനായി അതിര്‍ത്തികളില്‍ ഇസ്രായേല്‍ പട്ടാളത്തെ വിന്യസിച്ചിട്ടും മേഖലയില്‍ സംഘര്‍ഷം രൂക്ഷം. കഴിഞ്ഞ ദിവസം രാത്രി ഇസ്രായേല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഫലസ്തീനി പ്രക്ഷോപകരെ അടിച്ചമര്‍ത്തുകയും ഏഴു ഫലസ്തീനികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതേസമയം, മേഖലയിലെ സംഘര്‍ഷാവസ്ഥ ഇസ്രായേല്‍ സൈന്യം ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിനായി മുതലെടുക്കുകയാണ്. അധിനിവേശ കിഴക്കന്‍ ജറുസലേമിലെ ഇസ്സാവിയാ പ്രവിശ്യയില്‍ നിന്നുമാത്രം നൂറുകണക്കിന് ആളുകളെ അറസ്റ്റ് ചെയ്യുകയും 21 പേര്‍ വെടിയേറ്റു മരിക്കുകയും ചെയ്തിട്ടുണ്ട്.

ഫലസ്തീനികളുടെ വീടുകള്‍ തകര്‍ക്കപ്പെടുകയും പോലിസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്യുന്നുണ്ട്. കുട്ടികള്‍ക്കു നേരെയുള്ള ആക്രമണവും രൂക്ഷമായതോടെ സ്‌കൂളുകളില്‍ പോവാന്‍ കുട്ടികള്‍ ഭയപ്പെടുകയാണ്. ജബല്‍ മുകാബര്‍ പ്രദേശത്തേക്കുള്ള എല്ലാ വഴികളും ഇസ്രായേല്‍ സൈന്യം ഇന്നലെ അടച്ചിരുന്നു. രണ്ടാഴ്ചയ്ക്കിടെ 30 ഫലസ്തീനികളെയാണ് ഇസ്രായേല്‍ സൈന്യം വെടിവച്ചു കൊന്നത്. ഏഴ് ഇസ്രായേലികളും കൊല്ലപ്പെട്ടു. ഇന്നലെ ഇസ്രായേലി വനിതയ്ക്കു നേരെയും പോലിസിനു നേരെയും കല്ലെറിഞ്ഞെന്നാരോപിച്ച് രണ്ടു ഫലസ്തീനികളെക്കൂടി കൊലപ്പെടുത്തി. നിരവധി ഫലസ്തീനികള്‍ക്കു പരിക്കേറ്റതായി ആരോഗ്യമന്ത്രാലയം റിപോര്‍ട്ട് ചെയ്തു. 300ഓളം ഇസ്രായേല്‍ സൈനികരെയാണ് മേഖലയില്‍ വിന്യസിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it