ഇറാന്‍- സൗദി മഞ്ഞുരുക്കത്തിന് സാധ്യത തെളിയുന്നു

തെഹ്‌റാന്‍: ഗള്‍ഫ് മേഖലയില്‍ വ്യത്യസ്ത 'ധ്രുവങ്ങളിലായി' നിലകൊള്ളുന്ന സൗദി അറേബ്യയും ഇറാനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്കു നയതന്ത്ര ശ്രമങ്ങള്‍ തുടങ്ങിയതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയം.
സൗദിയും ഇറാനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനും പ്രശ്‌നങ്ങളെ നേരിടുന്നതിനും ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചയ്ക്കു വേദിയൊരുക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണെന്ന് മന്ത്രാലയ വക്താവ് ഹുസയ്ന്‍ ജാബിര്‍ അന്‍സാരി മാധ്യമങ്ങളെ അറിയിച്ചു.
തെഹ്‌റാനില്‍ സൗദി അംബാസഡറുടെ കാര്യാലയം ഉടന്‍ തുറന്നുപ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി സൗദിക്ക് തെഹ്‌റാനില്‍ അംബാസഡര്‍ ഉണ്ടായിരുന്നില്ല. ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ സിറിയ, യമന്‍, ഇറാഖ് വിഷയങ്ങളിലും ബഹ്‌റയ്ന്‍, ലബ്‌നാന്‍ പ്രശ്‌നങ്ങളിലും ശിയാ നേതൃത്വത്തിലുള്ള ഇറാനും സുന്നി നേതൃത്വത്തിലുള്ള സൗദിയും വ്യത്യസ്ത നിലപാടാണു സ്വീകരിക്കുന്നത്.
ഇറാഖ്, സിറിയ സര്‍ക്കാരുകളെ പിന്താങ്ങുന്ന ഇറാന്‍ ഐഎസിനെ നേരിടാന്‍ ഇവര്‍ക്ക് സൈനിക മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യുന്നുണ്ട്.
എന്നാല്‍, അസദ് ഭരണകൂടത്തെ പിന്തുണയ്ക്കുന്ന ഇറാന്റെ സമീപനത്തെ എതിര്‍ക്കുന്ന സൗദി സിറിയയിലെ വിമത സായുധസംഘത്തെ സഹായിക്കുന്നു. ഭീകരതയ്‌ക്കെതിരേ സൗദിയുടെ നേതൃത്വത്തില്‍ 34 മുസ്‌ലിം രാജ്യങ്ങള്‍ ചേര്‍ന്നു രൂപീകരിച്ച സഖ്യത്തില്‍ നിന്ന് ഇറാന്‍, ഇറാഖ്, സിറിയ എന്നിവയെ ഒഴിവാക്കിയതിക്കുറിച്ചുള്ള ചോദ്യത്തോട് കരുതലോടെയാണ് മന്ത്രാലയം പ്രതികരിച്ചത്. സൗദിയുടെ നിലപാട് അവരുടെ വാക്കുകളില്‍ തന്നെ വ്യക്തമാണെന്നായിരുന്നു പ്രതികരണം.
അതേസമയം വടക്കന്‍ ഇറാഖില്‍ സൈന്യത്തെ വിന്യസിപ്പിച്ച തുര്‍ക്കിയുടെ നടപടിയെ അന്‍സാരി അപലപിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it