ഇരുമെയ്യാണെങ്കിലും സബയ്ക്കും ഫറയ്ക്കും വോട്ട് ഒന്ന്

പട്‌ന: സയാമീസ് ഇരട്ടകളായ സബയും ഫറയും ഇന്നലെ കന്നിവോട്ട് രേഖപ്പെടുത്തി. ബിഹാര്‍ തലസ്ഥാനമായ പട്‌നയിലെ സാമന്‍പുരയിലെ വീട്ടിനടുത്തുള്ള പോളിങ് ബൂത്തിലെത്തിയ ഇരുവര്‍ക്കും പക്ഷേ, ഒരു തിരിച്ചറിയല്‍ കാര്‍ഡാണുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ രേഖപ്പെടുത്തിയത് ഒരു വോട്ട്.
തലകള്‍ ഒട്ടിച്ചേര്‍ന്ന അവസ്ഥയിലുള്ള സയാമീസ് ഇരട്ടകളാണ് സബയും ഫറയും. സംസ്ഥാനത്ത് സുസ്ഥിര ഭരണം നിലവില്‍വരുക എന്ന ലക്ഷ്യത്തോടെയാണു തങ്ങള്‍ ആദ്യ സമ്മതിദാനാവകാശം വിനിയോഗിച്ചതെന്ന് ഇരുവരും മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. രണ്ടുപേര്‍ക്കും വ്യത്യസ്ത നിലപാടുകളാണെങ്കില്‍ ആര്‍ക്ക് വോട്ട് ചെയ്യുമെന്ന കാര്യം കഴിഞ്ഞയാഴ്ച മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇരുവര്‍ക്കും പ്രത്യേകം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണമെന്ന ആവശ്യവും നിലനില്‍ക്കുന്നുണ്ട്.
രണ്ടുവര്‍ഷം മുമ്പ് സുപ്രിംകോടതി നിര്‍ദേശപ്രകാരം ബിഹാര്‍ സര്‍ക്കാര്‍ ഇവര്‍ക്ക് ചികില്‍സാ ചെലവിനായി പ്രതിമാസം 5000 രൂപ നല്‍കുന്നുണ്ട്. ഇതു മതിയാവില്ലെന്ന് ഇരുവരും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാ ദര്‍ബാറില്‍ പരാതിനല്‍കിയിരുന്നു. പ്രതിമാസം നല്‍കുന്ന തുക 20,000 രൂപയാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പൂനെയില്‍ നിയമവിദ്യാര്‍ഥിനിയായ ആരുഷി ധസ്മന നല്‍കിയ പൊതുതാല്‍പ്പര്യ ഹരജിയെ തുടര്‍ന്നായിരുന്നു സുപ്രിംകോടതി ഇടപെടല്‍. ഇരുവരുടെയും ഒട്ടിപ്പിടിച്ചിരിക്കുന്ന തല ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്താമെന്ന് അമേരിക്കയിലെ ഡോക്ടര്‍മാര്‍ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും പിതാവ് ഷക്കീല്‍ അഹ്മദ് ഭയം കാരണം വിസമ്മതിക്കുകയായിരുന്നു. വിഷയം കോടതിയിലെത്തിയപ്പോള്‍ ശസ്ത്രക്രിയ നടത്തിയാല്‍ ഏതെങ്കിലും ഒരാള്‍ മരിക്കുമെന്ന ഡോക്ടര്‍മാരുടെ പ്രതികരണം ലഭിച്ചതോടെ ശസ്ത്രക്രിയ വേണ്ടെന്ന് സുപ്രിംകോടതിയും നിലപാടെടുത്തു.
Next Story

RELATED STORIES

Share it